മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി
Posted by Sujith Bhakthan at Wednesday, 27 October 2010
സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഈ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. സഞ്ജീബ് പട്‌ജോഷി തന്നെ വന്നുകണ്ട ഹിന്ദുഐക്യവേദി പ്രതിനിധികളോട് പറഞ്ഞത്. എന്നാല്‍ ഇത്തരം ഒരുത്തരവും പുറത്തിറക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് മന്ത്രി ജോസ് തെറ്റയില്‍ പറയുന്നത്. വിശ്വാസികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും മന്ത്രി പറയുന്നു.
എന്നാല്‍ ഒക്ടോബര്‍ 24 ലെ 'മാതൃഭൂമി' വാര്‍ത്തയില്‍ ഇതു സംബന്ധിച്ച് താന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ 21 ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ചാര്‍ജ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ് ) ആണ് വിവാദ സര്‍ക്കുലര്‍ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നല്‍കുന്നത്. ടി.ആര്‍ 1/ 000771 എന്ന നമ്പറിലുള്ള സര്‍ക്കുലറിലെ നിര്‍ദേശം ഇങ്ങനെയാണ് : കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്ന അവസരങ്ങളില്‍ ബസ്സിലോ ഇ.ടി.എമ്മിലോ (ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍) മതവചനങ്ങള്‍, അടയാളങ്ങള്‍, കൊടികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ സ്വാമിശരണം, അമ്മേനാരായണ എന്നിവ രേഖപ്പെടുത്തുകയോ പാടുള്ളതല്ല. യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റുകളില്‍ യാതൊരു കാരണവശാലും മുകളില്‍ പറഞ്ഞിരിക്കുന്ന യാതൊരുവിധ ആലേഖനങ്ങളും പാടില്ല എന്നുള്ള വിവരം ഓരോ യൂണിറ്റ് ഓഫീസറും പ്രത്യേകം ശ്രദ്ധിക്കണം.
അതേസമയം ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയ മതവചനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെയാകും ഇക്കുറി ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുകയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എം. തോമസ് വ്യക്തമാക്കി. ബസ്സുകളില്‍ എഴുതിയിട്ടുള്ള വചനങ്ങള്‍ മാറ്റുകയില്ലെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോഴത്തെ
സര്‍ക്കുലറെന്നും അദ്ദേഹം പറയുന്നു.
വിവാദസര്‍ക്കുലറിനെതിരെ കെ.എസ്.ആര്‍.ടി.സി. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. മതനിരപേക്ഷത സംരക്ഷിക്കേണ്ടത് വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ടല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണ് നിലവിലെ സംവിധാനമെന്നുമാണ് കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ പറഞ്ഞു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കാര്യത്തിന്റെ ഗൗരവം ഗതാഗതമന്ത്രിയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
Courtesy: Mathrubhumi
