----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്ക്‌ സമയവുമില്ല, കാലവുമില്ല

Posted by Sujith Bhakthan at Thursday, 14 May 2009
Share this post:
Subscribe

കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. സമയവും കാലവും നോക്കാതെയുള്ള ബസുകളുടെ ഷെഡ്യൂള്‍ ഓപ്പറേഷനുകളാണ്‌ ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌.

പാലായില്‍നിന്നും പോകുന്ന ഓര്‍ഡിനറി ബസുകള്‍ കോട്ടയത്തുനിന്നും സമയം പാലിക്കാതെയാണു തിരികെ പോകുന്നത്‌. രാത്രി പത്തിനുശേഷം പാലായില്‍ തീരേണ്ട സര്‍വീസ്‌ ഒന്‍പതരയ്‌ക്കുമുന്‍പേ എത്തുന്നു.

ഇതു ശ്രദ്ധിച്ചിരുന്ന ചില ഇന്‍സ്‌പെക്‌ടര്‍മാര്‍ സര്‍വീസില്‍നിന്നും വിരമിച്ചതാണു കാരണമെന്ന്‌ ജീവനക്കാരും യാത്രക്കാരും പറയുന്നു.

പാലായിലെത്തുന്ന മറ്റു ഡിപ്പോകളിലെ ബസുകളും കൃത്യത പാലിക്കാറില്ല. ഒരേസമയം നാല്‌ ഈരാറ്റുപേട്ട ബസുകള്‍വരെ ഡിപ്പോയില്‍ എത്താറുണ്ട്‌.

കൊണ്ടാടുവഴി പോകുന്ന രാമപുരം സര്‍ക്കിള്‍ ബസ്‌ പല ദിവസങ്ങളിലും ട്രിപ്പ്‌ മുടക്കുന്നു. രാമപുരത്തുനിന്നും രാവിലെ 5.20 -ന്‌ തുടങ്ങുന്ന ബസ്‌ രാമപുരത്തുനിന്നും പാലായ്‌ക്കുള്ള ആദ്യ ബസാണ്‌. ഇത്‌ മുടക്കുന്നത്‌ ഈ സമയത്തോടടുത്ത്‌ രാമപുരത്തുനിന്നും പാലായ്‌ക്കു പുറപ്പെടുന്ന സ്വകാര്യ ബസിനെ സഹായിക്കാനാണെന്ന്‌ ആക്ഷേപമുണ്ട്‌.

കൂത്താട്ടുകുളം-പാലാ റൂട്ടില്‍ സര്‍വീസ്‌ നടത്താന്‍ പിറവം ഡിപ്പോയില്‍നിന്നും ബസുകളെത്തിയപ്പോള്‍ കഷ്‌ടത്തിലായത്‌ ഒരു സ്വകാര്യ ബസ്‌ മുതലാളിയായിരുന്നു. എന്നാല്‍ കാണേണ്ടവനെ കാണേണ്ടതുപോലെ കണ്ടപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ സമയം മാറി. ഇപ്പോള്‍ ഈ സ്വകാര്യ ബസ്‌ മുതലാളിയുടെ ബസുകള്‍ക്കു പിന്നാലെയാണ്‌ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ്‌ നടത്തുന്നത്‌. അതുകൊണ്ടുതന്നെ ബസുകളുടെ കളക്ഷനും കുറഞ്ഞു.

ഡിപ്പോയില്‍നിന്നുമുള്ള ചില സ്‌റ്റേ ബസുകള്‍ അപ്രതീക്ഷിതമായി കട്ടുചെയ്യുന്നു. നീലൂര്‍, ഏഴാച്ചേരി, രാമപുരം സര്‍ക്കിള്‍ ബസുകളാണ്‌ ഇപ്രകാരം കട്ടു ചെയ്യുന്നത്‌. ഈ ബസ്‌ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ഇതുമൂലം വലയുകയാണ്‌. കളക്ഷന്‍ ഉണ്ടാക്കുന്ന കണ്ടക്‌ടറേയും ഡ്രൈവറേയും റൂട്ടുമാറ്റി വിടുന്നതും ഡിപ്പോയില്‍ പതിവാണെന്ന്‌ ആരോപണമുണ്ട്‌.

വൈക്കം റൂട്ടില്‍ 10 മിനിറ്റ്‌ മുന്‍പേ പാലാ ടൗണ്‍ മുനിസിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ബസ്‌ പിടിക്കാമെന്നിരിക്കെ സ്വകാര്യ ബസുകളെ സഹായിക്കുവാന്‍ വൈക്കം റൂട്ടിലുള്ള കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൃത്യസമയത്തേ ഡിപ്പോയില്‍നിന്നും പോകാവൂവെന്നും നിര്‍ദേശമുണ്ടെന്ന്‌ ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

ബസ്‌ കുറവാണെങ്കില്‍ വൈക്കം ചെയിന്‍ സര്‍വീസ്‌ തന്നെ കട്ടു ചെയ്യുന്നു. ഇതുമൂലം ബസ്‌ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക്‌ സമയനഷ്‌ടം ഉണ്ടാകുന്നു. അടിയന്തരമായി യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment