മുന്‍മന്ത്രി'യായി മാത്യു തിരുവനന്തപുരം വിട്ട് തിരുവല്ലയിലേക്ക്
Posted by Sujith Bhakthan at Wednesday, 18 March 2009
| നിറചിരിയോടെ മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി മാത്യു ടി. തോമസ് 'മന്ത്രിപ്പണി'യോടു വിട പറഞ്ഞു. എല്ലാവരോടും തിരക്കിട്ടു വിടപറഞ്ഞ് അദ്ദേഹം സ്വന്തം നാടായ തിരുവല്ലയിലേക്കു പോയി. ഇന്നലെ രാവിലെ എട്ടരയോടെ മാത്യു കുടുംബസമേതം മന്ത്രി എം.എ. ബേബിയുടെ വസതിയിലെത്തി വിഭവസമൃദ്ധമായ പ്രാതല്‍ കഴിച്ചു. 'മുന്‍മന്ത്രി'ക്കു കരിമീന്‍ വിളമ്പുമ്പോള്‍ ബേബിയുടെ ഭാര്യ ബെറ്റി ഓര്‍മിപ്പിച്ചു: കരിമീന്‍ തലേന്നത്തേതാണ്.., അതിനെന്താ എന്നായി അതിഥികള്‍. അപ്പോഴേക്കു മന്ത്രിമാരായ ബിനോയ് വിശ്വവും എ.കെ. ബാലനും എത്തി. പത്തുമണിയോടെ ബേബിയുടെ വീട്ടില്‍നിന്ന് ഇറങ്ങിയ മാത്യുവിനെ മാധ്യമങ്ങള്‍ വളഞ്ഞു. തുടര്‍ന്ന് ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്‌ത് ഔദ്യോഗിക വസതിയിലേക്ക്. രാജിവച്ചാല്‍ 15 ദിവസംകൂടി മന്ത്രിക്ക് ഔദ്യോഗികവസതി ഉപയോഗിക്കാം. മകള്‍ക്കു പരീക്ഷയാണ്. അതു കഴിഞ്ഞാല്‍ മടങ്ങും- മാത്യു വിശദീകരിച്ചു. വീട്ടില്‍നിന്നു സെക്രട്ടേറിയറ്റിലേക്കു തിരിച്ച മാത്യുവിനോടു മക്കളുടെ ചോദ്യം- അപ്പനെന്തിനാ വീണ്ടും ഓഫീസില്‍ പോകുന്നത്? മറുപടി ചിരിയിലൊതുക്കി അദ്ദേഹം വാഹനത്തില്‍ കയറി. രാജിവച്ച മന്ത്രി പിറ്റേന്നു രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥര്‍ പരുങ്ങി. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും കെ.എസ്.ആര്‍.ടി.സി: എം.ഡി. സെന്‍കുമാറുമടക്കം ഉദ്യോഗസ്‌ഥരുടെ വന്‍നിര രാജിവച്ച മന്ത്രിയെ കാണാനെത്തിയിരുന്നു. മുഖം കറുത്തു വല്ലതും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മനസില്‍ വയ്‌ക്കരുതെന്നായിരുന്നു മാത്യുവിന്റെ വിടവാങ്ങല്‍ അഭ്യര്‍ഥന. ഒരിക്കലും മുഖം കറുപ്പിക്കാത്ത മന്ത്രിയാണു പടിയിറങ്ങുന്നതെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ പ്രതികരണം. ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങി നിറചിരിയോടെ മാധ്യമങ്ങളെ നേരിട്ടു. മന്ത്രിസ്‌ഥാനത്തേക്കു മടങ്ങുമോ എന്ന ചോദ്യത്തിന് അസംഭവ്യതകളുടെ കലയാണു രാഷ്‌ട്രീയം എന്നായിരുന്നു മറുപടി. നാട്ടിലേക്കു മടങ്ങുന്നത് കെ.എസ.്‌ആര്‍.ടി.സി. ബസിലായിരിക്കണം എന്നു ചിലര്‍ അഭ്യര്‍ഥിച്ചു. നന്നായി ഉറങ്ങി യാത്ര ചെയ്യാന്‍ ട്രെയിനാണ് നല്ലതെന്നായിരുന്നു മറുപടി. വീട്ടിലെത്തി ഉച്ചമയക്കത്തിനു ശേഷം രണ്ടരയോടെ മദ്രാസ് മെയിലിലെ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്‌ക്കു തിരുവല്ലയിലേക്ക്. |