ബസുകള്‍ റോഡരുകില്‍: കെ.എസ്.ആര്‍.ടി.സി. ഡിപ്പോ സ്ഥലപരിമിതിയിലേക്ക്
Posted by Sujith Bhakthan at Tuesday, 17 March 2009
| കൊട്ടാരക്കര: സംസ്ഥാനത്തെ ഏറ്റവും വിശാലമായ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ ഒന്നായിരുന്ന കൊട്ടാരക്കര സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്നു. രാത്രിയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് റോഡരുകില്‍. ഡിപ്പോയിലും ഗാരേജിലുമായി അടുത്തിടെ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് സ്ഥലം അപഹരിച്ചത്. എന്നാല്‍ ഇതിന് ആനുപാതികമായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയും ഉണ്ടായില്ല. ഡിപ്പോയുടെ പടിഞ്ഞാറു ഭാഗത്തായി നിര്‍മ്മിച്ച ആധുനിക ശൗചാലയവും വണ്‍വേ റോഡും കുറെ സ്ഥലം നഷ്ടമാക്കി. ഇതിനുശേഷമാണ് വടക്കുകിഴക്കു ഭാഗത്തായി എം.പി. ഫണ്ട് ഉപയോഗിച്ചുള്ള ബസ് ഷെഡിന്റെയും വിശ്രമകേന്ദ്രത്തിന്റെയും നിര്‍മ്മാണം തുടങ്ങിയത്. ഇത് അന്തിമഘട്ടത്തിലാണ്. മൂന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ സ്ഥലക്കുറവാണ് ഗാരേജിലും സംഭവിച്ചത്. കെ.എസ്.ആര്‍.ടി.സി.യുടെ വാണിജ്യസമുച്ചയം നിര്‍മ്മിക്കുന്നതിനായി ഗാരേജിന്റെ പ്രധാനകെട്ടിടം തന്നെ പൊളിച്ചുമാറ്റി. ഇതിനുപകരം ഗാരേജിനുള്ളില്‍ തന്നെ എം.എല്‍.എ. ഫണ്ടുപയോഗിച്ച് പുതിയ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിക്കുകയും ചെയ്‌തു. ഇതുമൂലം കുറെ ബസുകള്‍ കയറ്റി ഇടാനുള്ള സൗകര്യം ഇല്ലാതായി. നൂറ്റിപ്പത്ത് ഷെഡ്യൂളുകള്‍ ഉള്ള കൊട്ടാരക്കരയില്‍ നൂറ്റിഇരുപതോളം ബസുകളാണുള്ളത്. ഡിപ്പോയിലെ സ്ഥലപരിമിതിമൂലം മുപ്പതോളം ബസുകള്‍ രാത്രിയില്‍ ദേശീയപാത 208-ന്റെ ഓരത്താണ് നിര്‍ത്തിയിടുന്നത്. യാത്രക്കാര്‍ ബസുകാത്തുനില്‍ക്കുന്നതിന് മുന്നിലായി ബസുകള്‍ തലങ്ങും വിലങ്ങും ഇടുന്നു. ഇവയെ മറികടന്ന് യാത്രക്കാര്‍ പോകുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ഡിപ്പോയുടെ സ്ഥലപരിമിതി ഒഴിവാക്കാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അടുത്തിടെ കൊട്ടാരക്കരയില്‍ എത്തിയ നിയമസഭാ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂലനിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. |