പുതിയ സര്‍വീസുകളില്ല; കട്ടപ്പനയ്‌ക്ക് അവഗണന
Posted by Sujith Bhakthan at Thursday, 25 June 2009
മറ്റ് ഡിപ്പോകളില്‍ മാത്രം പുതിയ ബസുകള്‍ ലഭിക്കുന്നതും ഇവിടെ ലഭിക്കാത്തതും അധികൃതരുടെ അനാസ്‌ഥ മൂലമെന്ന ആക്ഷേപം ശക്‌തമാണ്. കട്ടപ്പനയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ദീര്‍ഘദൂര ട്രിപ്പുകളെ മനപ്പൂര്‍വം അവഗണിക്കുന്നതായും പരാതിയുണ്ട്. സര്‍വീസിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ ബസുകള്‍ അനുവദിക്കുന്നത് പ്രതിദിന കളക്ഷനെയും ബാധിക്കുന്നു. കട്ടപ്പന-തിരുവനന്തപുരം ഫാസ്‌റ്റ് പാസഞ്ചര്‍ സര്‍വീസാണ് ഇക്കാര്യത്തില്‍ ഏറെ അവഗണന പേറുന്നത്. പഴയ വണ്ടി നല്‍കുന്നതിനാല്‍ ട്രിപ്പ് പാതിവഴിയില്‍ മുടങ്ങുന്നത് പതിവാണ്.
സ്വകാര്യ ബസ് ലോബികളെ സഹായിക്കാനായി കട്ടപ്പന-ഇടുക്കി-എറണാകുളം റൂട്ടിനെ കെ.എസ്.ആര്‍.ടി.സി. അവഗണിക്കുന്നതായും ആരോപണമുണ്ട്. സ്വകാര്യ ബസുകളുടെ കുത്തകയായ ഈ റൂട്ടില്‍ നാമമാത്ര കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകളാണുള്ളത്. ഇവിടേയ്‌ക്ക് പുതിയ ബസുകള്‍ മനപ്പൂര്‍വം നല്‍കാതിരിക്കുന്നതും ഗൂഢ ലക്ഷ്യത്തോടെയാണെത്രേ. പുതിയ ബസ് ഓടിക്കുമ്പോള്‍ ഈ റൂട്ടിലെ ട്രിപ്പിന് പ്രതിദിനം 10,000 രൂപ കലക്ഷനാണ് ലഭിക്കുന്നത്. എന്നാല്‍ ഇതേ റൂട്ടില്‍ തന്നെ പഴയ ബസ് ഓടുമ്പോള്‍ 7,000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ച കട്ടപ്പന-പാലക്കാട്, ഗുരുവായൂര്‍, കോഴിക്കോട് സര്‍വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
കട്ടപ്പനയില്‍നിന്നും രാത്രി 10 ന് എറണാകുളത്തേയ്‌ക്ക് സര്‍വീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. വൈകിട്ട് 6.45 ന് സ്വകാര്യ ബസ് കഴിഞ്ഞാല്‍ കട്ടപ്പനയില്‍നിന്ന് രാത്രി 12.35 നാണ് ബസുള്ളത്. അഞ്ച് മണിക്കൂര്‍ നീണ്ട ഇടവേളയ്‌ക്കിടയില്‍ പുതിയ ട്രിപ്പ് തുടങ്ങാന്‍ തയ്യാറാകാത്തത് സ്വകാര്യ ബസ് ലോബികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്നും ആരോപണമുണ്ട്.
--