ആലപ്പുഴ: പാതിരാത്രി. എന്‍.എച്ച് 47. തിരുവനന്തപുരം- പാലക്കാട് സൂപ്പര്‍ഫാസ്റ്റ് ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറിവന്നത് ഒരു 'നോണ്‍ സ്റ്റോപ്' തര്‍ക്കത്തിന്റെ ക്ളൈമാക്സില്‍. അവസാന വെടി കണ്ടക്ടറുടേതായിരുന്നു: "എങ്കില്‍ താന്‍ കൊണ്ടുപോയി കേസുകൊട്!" പാവം യാത്രക്കാരന്‍. ആലപ്പുഴ ടൌണ്‍ എത്തുന്നതിന് രണ്ടു കിലോമീറ്റര്‍ മുമ്പ് വണ്ടി ഒന്നു നിറുത്തിക്കൊടുക്കണമെന്നു പറഞ്ഞതിന്റെ പുകിലാണ്. ഫാസ്റ്റ് പാസഞ്ചറിനുപോലും സ്റ്റോപ്പില്ലാത്ത സ്ഥലം. പക്ഷേ, യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏതു സ്റ്റോപ്പിലും നിറുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവുണ്ടല്ലോ എന്നാണ് യാത്രക്കാരന്റെ ന്യായം. കണ്ടക്ടര്‍ക്കുമുണ്ട് 'ന്യായം': "എന്നാല്‍പ്പിന്നെ എം.ഡി തിരുവനന്തപുരത്തിരുന്ന് ബെല്ലടിക്കട്ടെ; വണ്ടി അപ്പോള്‍ നിറുത്താം!"

രാത്രി ഒമ്പതിനു ശേഷമുള്ള ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിറുത്തിക്കൊടുക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടി.പി. സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത് രണ്ടുവര്‍ഷം മുമ്പ്. അന്നു തുടങ്ങിയതാണ് സൂപ്പര്‍ഫാസ്റ്റ് കണ്ടക്ടര്‍മാരും രാത്രിയാത്രക്കാരുമായുള്ള ഗുസ്തി. സ്ത്രീകളും പ്രായംചെന്നവരുമൊക്കെ ആവശ്യപ്പെട്ടാല്‍ ഹൈവേയില്‍ ഏതു സ്റ്റോപ്പിലും സിംഗിള്‍ ബെല്ലടിക്കാന്‍ സന്മനസ്സുകാട്ടുന്ന കണ്ടക്ടര്‍മാര്‍ ഒരുപാടുണ്ട്. പക്ഷേ, ചില കാക്കിവേഷങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും കാണില്ല. ബെല്ലടിക്കുന്ന കാര്യം പറഞ്ഞാല്‍ വെകിളിപിടിക്കും! തര്‍ക്കം മൂക്കുമ്പോള്‍ മുഖത്തടിച്ചതുപോലെ പറയും: "കൊണ്ടുപോയി കേസുകൊട്!"
മിക്ക ഡിപ്പോകളിലും ലോക്കല്‍ സര്‍വീസുകള്‍ രാത്രി ഒമ്പതോടെ അവസാനിക്കും. രാത്രിനേരത്ത് ഫാസ്റ്റ് പാസഞ്ചറും കുറവ്. ഉള്ളതെല്ലാം 'സൂപ്പര്‍.' ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമായാണ് എം.ഡി സര്‍ക്കുലര്‍ ഇറക്കിയത്. 'യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പ്' എന്നല്ലാതെ ഇതുസംബന്ധിച്ച് മറ്റ് നിബന്ധകളൊന്നും സര്‍ക്കുലറില്‍ ഇല്ല.
ഈ പഴുതിന്റെ ആനുകൂല്യത്തില്‍ മുക്കിനുമുക്കിന് സൂപ്പര്‍ നിറുത്തണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരുണ്ടെന്ന് കണ്ടക്ടര്‍മാര്‍ പരാതി പറയുന്നു. പരാതിയില്‍ കാര്യമില്ലാതില്ല. മദ്യപന്മാരാണ് തര്‍ക്കക്കാരില്‍ അധികവും. ഏതു 'സൂപ്പര്‍' ആയാലും സ്വന്തം തറവാട്ടുമുറ്റത്ത് നിറുത്തിക്കിട്ടണമെന്നാവും ആവശ്യം. ഇങ്ങനെ നിറുത്താന്‍ തുടങ്ങിയാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ബസ്യാത്ര ഉപേക്ഷിക്കുകയേ വഴിയുണ്ടാവൂ. മര്യാദക്കാരായ രാത്രിയാത്രക്കാരുടെ ന്യായമായ സ്റ്റോപ് ആവശ്യംപോലും കണ്ടക്ടര്‍മാര്‍ കേള്‍ക്കാത്ത സ്ഥിതിയുമാകും.
വകതിരിവ് കാണിക്കേണ്ടത് കണ്ടക്ടര്‍മാരാണ് എന്ന് യാത്രക്കാരുടെ പക്ഷം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന യാത്രക്കാരെ നട്ടപ്പാതിരയ്ക്ക് വെട്ടവും വണ്ടിയുമില്ലാത്ത സ്ഥലത്ത് ഇറക്കിവിടുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പണിയല്ലേ എന്നാണ് ചോദ്യം. ഇത്തരം ക്രൂരത കാണിച്ചാല്‍ പരാതിപ്പെടാന്‍ വകുപ്പുണ്ട്. പക്ഷേ, പരാതിയുടെ കാര്യം പറഞ്ഞാല്‍ കണ്ടക്ടറുടെ മട്ടുമാറും. അപ്പോഴാണ് തര്‍ക്കം വാക്കേറ്റവും കൈയേറ്റവുമായി റൂട്ട് മാറുന്നത്. രാത്രിനേരത്തെ ശുഭയാത്രയ്ക്ക് രണ്ടുവഴിയേയുള്ളൂ: യാത്രക്കാരുടെ 'സ്റ്റോപ്' ആവശ്യം ന്യായമാകണം. സര്‍ക്കുലറിലെ നിര്‍ദ്ദേശം പാലിക്കാന്‍ കണ്ടക്ടര്‍മാര്‍ സന്നദ്ധരാവുകയും വേണം. അല്ലെങ്കില്‍ 'സൂപ്പര്‍ ഗുസ്തി' നോണ്‍ സ്റ്റോപ് ആയി ഓടും.
പെരുമാറ്റം മോശമെങ്കില്‍ പരാതിപ്പെടാം
സൂപ്പര്‍ ഫാസ്റ്റുകളുകളുടെ രാത്രി സ്റ്റോപ് സംബന്ധിച്ച കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശം ലംഘിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്യുന്ന കണ്ടക്ടര്‍മാരെക്കുറിച്ച് പരാതി നല്കുമ്പോള്‍ ടിക്കറ്റിന്റെ പകര്‍പ്പ് കൂടി വയ്ക്കണം. ബസിന്റെ നമ്പര്‍ അറിയാമെങ്കില്‍ അതുകൂടി പരാതിയില്‍ രേഖപ്പെടുത്തുക.
വിലാസം: വിജിലന്‍സ് ഓഫീസ്,
കെ.എസ്.ആര്‍.ടി.സി,
ട്രാന്‍സ്പോര്‍ട്ട് ഭവന്‍, തിരുവനന്തപുരം 23.
കണ്‍ട്രോള്‍ റൂമിലെ ഫോണ്‍: 0471- 2463799
Source: http://news.keralakaumudi.com/
read more "രാത്രിയിലെ സ്റ്റോപ്: 'സൂപ്പറി'ല്‍ നോണ്‍സ്റ്റോപ് ഗുസ്തി!"