മരണവേദനയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തി
Posted by Sujith Bhakthan at Thursday, 22 July 2010
തിരുവല്ല: മരണവേദനയ്ക്കിടയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാരത്തോടു നിന്നും പത്തനംതിട്ടയിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്. ആര്‍. ടി.സി. ബസിന്റെ ഡ്രൈവര്‍ വി.ബി. ബിജുകുമാര്‍ (37) ആണ് പ്രാണനുവേണ്ടി പിടയുമ്പോഴും യാത്രക്കാരുടെ രക്ഷകനായത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജു മരണമടഞ്ഞു. കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് റോഡിനു നടുവില്‍ത്തന്നെ ബ്രേക്കിട്ടു നിറുത്തി. ഡ്രൈവര്‍ പെട്ടെന്ന് വീഴുന്നതു കണ്ട് ഭയപ്പെട്ട യാത്രക്കാര്‍ ബഹളം വച്ചതോടെ നാട്ടുകാരനായ കള്ളിക്കല്‍ ഷുക്കൂര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചു. രാവിലെ 5.30 ന് പത്തനംതിട്ട ഡിപ്പോയില്‍നിന്നും എടത്വയിലേക്ക് പോയ ബസിന്റെ മടക്ക യാത്രയിലാണ് സംഭവം. മരിച്ച ബിജുകുമാര്‍ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. 2000 ല്‍ പത്തനംതിട്ട ഡിപ്പോയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് മക്കളുണ്ട്.
Source: http://news.keralakaumudi.com