കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
Posted by Sujith Bhakthan at Sunday, 25 July 2010
ബസ്സില്‍ കേരളത്തിലേക്ക് റേഷനരി കൊണ്ടുവരാന്‍ ശ്രമിച്ച മൂന്നു തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ ബിജുവര്‍ഗീസ് (36), കണ്ടക്ടര്‍ സുനില്‍ സെബാസ്റ്യന്‍ (30) എന്നിവരാണ് അരി കടത്തിന്റെ പേരില്‍ അറസ്റിലായത്.
കേരളത്തിലേക്ക് കടത്താനായി സൌജന്യ റേഷനരി ബസ്സില്‍ കയറ്റിയ കമ്പം സ്വദേശി കാളിയപ്പന്‍ (47) കെ.കെ പെട്ടി സ്വദേശികളായ പവന്‍രാജ ്(65) വീരമ്മാള്‍ (55) എന്നിവരും അറസ്റിലായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കമ്പത്ത് നിന്നു കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തമിഴ്നാട് സ്വദേശികള്‍ പലചാക്കുകളിലായി നിറച്ച 400 കിലോ സൌജന്യ റേഷനരി കയറ്റി.
ഇതിനിടെ കമ്പം പോലിസ് ഇന്‍സ്പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിലെത്തിയ സംഘം ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തി അരിയും കൊണ്ടുവന്നവരെയും പിടികൂടി. അരി കടത്താന്‍ കൂട്ടുനിന്നെന്ന കുറ്റം ചുമത്തി ജീവനക്കാരെയും പോലിസ് കസ്റഡിയില്‍ എടുത്തു. സൌജന്യ റേഷന്‍ കടത്തിന്റെ പേരില്‍ കേസെടുത്തു. ഇന്നലെ രാവിലെ ഡിപ്പോ അധികൃതര്‍ എത്തിയാണ് ജീവനക്കാരെയും ബസ്സും സ്റേഷനില്‍ നിന്ന് ജാമ്യത്തിലെടുത്തത്.
തമിഴ്നാട്ടില്‍ ഒരു രൂപയ്ക്ക് നല്‍കുന്ന റേഷനരി വ്യാപകമായി അതിര്‍ത്തി വഴി കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങള്‍ സജീവമാണ്.
ഇതിനെതിരേ അടുത്തയിടെ തമിഴ്നാട് സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ബസ്സുകളില്‍ അരി കയറ്റരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്ന റേഷനരി വിവിധ ബ്രാന്റുകളിലാക്കി അമിതവിലയ്ക്ക് വില്‍പ്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ജില്ലയിലെ അതിര്‍ത്തിമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
Source: Thejas Daily http://www.thejasnews.com