ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ; ഇരിങ്ങാലക്കുടയെ ബാധിക്കാതെ സ്വകാര്യബസ് പണിമുടക്ക്
Posted by Sujith Bhakthan at Thursday, 5 August 2010
ഇരിങ്ങാലക്കുട പെരിഞ്ഞനം റൂട്ടില്‍ 15 മിനുറ്റ് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ട്. ഇതിനായി മൂന്നു ബസ്സുകള്‍ പാലക്കാട് ഡിപ്പോയില്‍ നിന്നും എത്തിക്കുകയായിരുന്നു. മുന്‍പത്തെ പണിമുടക്കുകളിലും ഹര്‍ത്താലുകളിലും യാത്രാക്ലേശം രൂക്ഷമായിരുന്ന വെള്ളിക്കുളങ്ങരയിലേക്ക് കൊടകര വഴി 3 ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് യാത്രാക്ലേശം ഗണ്യമായി പരിഹരിച്ചുവെന്നു യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം പാലക്കാട് ജില്ലകളില്‍ നിന്നും പത്തിലധികം ബസ്സുകളാണ് അധിക സര്‍വീസ് നടത്തുന്നതിനായി ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് എത്തിച്ചത്. ഇത് ആവശ്യത്തിനു സര്‍വീസ് നടത്താന്‍ സഹായകമായി.
ദേശീയപാത വഴി ആലുവ എറണാകുളം റൂട്ടിലോടുന്ന ഓര്‍ഡിനറി ബസ്സുകളും അധിക സര്‍വീസിനായി എത്തിച്ചിട്ടുണ്ട്. കാട്ടൂര്‍ വഴി തൃപ്രയാര്‍ മേഖലയിലേക്കും ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പതിനഞ്ചാളുകളെങ്കിലും ഉണ്ടെങ്കിലെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുള്ളൂ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവിലെ കെ.എസ്.ആര്‍.ടി.സി.ചെയിന്‍ സര്‍വീസുകള്‍ തന്നെ തുടരുന്നുണ്ട്. രാവിലെ ഏഴു മണിയോടെതന്നെ അധിക സര്‍വീസുകള്‍ ആരംഭിച്ചത് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശ്വാസമായി. സ്വകാര്യ ബസ് പണിമുടക്ക് ദിവസം യാത്രനടക്കില്ലെന്നു കരുതി വീട്ടിലിരിക്കുന്ന ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഈ മുന്നേറ്റത്തിലൂടെ പഴങ്കഥയാകുകയാണ്.
Posted By: Yedu D Narayanan