ഇതുവഴി കുറേ 'ബസുകള്‍' ഓടുന്നുണ്ട്...!
Posted by Sujith Bhakthan at Thursday, 5 August 2010
പാറശാല ഡിപ്പോയിലെ 62 ബസ്സുകളില്‍ 20 എണ്ണവും കട്ടപ്പുറത്താക്കേണ്ടവയാണ്. ഇവയിലൊന്നാണ് കഴിഞ്ഞ ദിവസം ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ബ്രേക്ക് പൊട്ടി നിറയെ യാത്രാക്കാരുമായി കുളത്തില്‍ വീണത്. കുളത്തില്‍ ആഴത്തില്‍ വെളളമില്ലാത്തതു കൊണ്ടാണ് വന്‍ അപായം ഒഴിവായത്. കേടായ ട്രാന്‍സ്പോര്‍ട്ട് യാത്രക്കാര്‍ക്ക് അപകടം പറ്റിയാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷകളൊന്നുമില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. അപകടത്തില്‍ വഴിയാത്രക്കാരന്‍ മരിച്ചാല്‍ പോലും നഷ്ടപരിഹാര തുക ഡ്രൈവര്‍ നല്‍കണമെന്നതാണ് കീഴ്വഴക്കം.
ബസ്സ് റൂട്ട് പിന്‍വലിച്ചാല്‍ ഉണ്ടാകാവുന്ന യാത്രക്കാരുടെ പരാതി ഇല്ലാതാക്കുവാനാണ് മിക്കപ്പോഴും അരപ്പരുവത്തിലുള്ള ബസ്സുകള്‍ സര്‍വ്വീസിനയക്കുവാന്‍ ഡിപ്പോ അധികൃതര്‍ നിര്‍ബന്ധിതരാകുന്നത്. പുതിയ ബസ്സുകള്‍ നെയ്യാറ്റിന്‍കര , പാറശാല ഡിപ്പോകള്‍ക്ക് നല്‍കിയെങ്കിലും അവ വിരലിലെണ്ണാവുന്നവയാണ്. വിഴിഞ്ഞം ഡിപ്പോയിലെ ബസ്സുകളാണ് ഏറെ ദയനീയം. മഴയത്ത് ഈ ബസ്സുകളില്‍ യാത്ര ചെയ്യണമെങ്കില്‍ കുട പിടിക്കണം.കേടായി നന്നാക്കാന്‍ ഗാരേജിലെത്തുന്ന ബസ്സുകളില്‍ ഗുണനിലവാരമില്ലാത്ത സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങി ഫിറ്റു ചെയ്യുന്നതും ബസ്സ് നിര്‍മ്മാണ കമ്പനിയുടെ ഗ്യാരണ്ടി കാലാവധിക്ക് മുന്‍പായി സര്‍വ്വീസിംഗ് ഉള്‍പ്പെടെയുള്ള ഗുണനിലവാര പരിശോധനകള്‍ നടത്തുന്നതിലെ പിഴവുമൊക്കെ ബസുകള്‍ കട്ടപ്പുറത്താകാന്‍ കാരണമാകുന്നുണ്ട്.
