കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു
Posted by Sujith Bhakthan at Sunday, 15 August 2010
ബാംഗ്ലൂര്‍ സര്‍വീസുകള്‍ നടത്തുന്നതിന് കെ എസ് ആര്‍ ടി സിക്ക് തീരെ താത്പര്യമില്ലെന്നാണ് തോന്നുന്നത്. നിലവിലുള്ള ബസ്സുകളാകട്ടെ നല്ല രീതിയില്‍ സര്‍വീസുകള്‍ നടത്തുന്നുമില്ല.
ഇപ്പോള്‍ ഓടുന്ന മിക്ക വണ്ടികളുടേയും കാര്യങ്ങള്‍ തന്നെ വളരെ കഷ്ടമാണ്. ഒരൊറ്റ സര്‍വീസുകള്‍ക്കു പോലും ഒരു സ്പെയര്‍ ബസ്സില്ല. ഏതെങ്കിലും വണ്ടി ഒരു ദിവസം പണി മുടക്കിയാല്‍ യാത്രക്കാരന്‍ പെരു വഴിയില്‍.
ഏറെ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ കെ എസ് ആര്‍ ടി സിയുടെ ഏസി ബസ്സുകളാണ് മറ്റൊരു വില്ലന്‍. സ്ഥിരം എ സി പണിമുടക്കുക എന്നതാണ് ഇവന്റെ സ്വഭാവം. മിക്ക ദിവസങ്ങളിലും ഏസി തകരാര്‍ മൂലം ഈ വണ്ടികള്‍ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയുന്നില്ല. പതിനായരക്കണക്കിന് രൂപയാണ് ഓരോ തകരാര്‍ പരിഹരിക്കുന്നതിനു വേണ്ടി കെ എസ് ആര്‍ ടി സി ചിലവഴിക്കുന്നത്.
പാലാ ബാംഗ്ലൂര്‍ ഏസി ബസ്സ് സര്‍വീസ് ഈ കാരണങ്ങള്‍ കൊണ്ടാണ് മുടങ്ങിയതെന്നാണ് പറച്ചില്‍, മറിച്ച് യാത്രക്കാരനുപയോഗപ്പെടുന്ന രീതിയിലല്ല ഇതിന്റെ സമയ ക്രമമെന്നും അതു കാരണം കളക്ഷന്‍ കുറഞ്ഞതു മൂലമാണ് ഈ സര്‍വീസ് മുടങ്ങിയതെന്നും ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് ഒരു മണീക്ക് ബംഗലൂരുവില്‍ നിന്നും പാലയ്ക്കു വണ്ടി വിട്ടാല്‍ ആരെങ്കിലും കയറുമോ?
ഏസി തകരാര്‍ കാരണം നല്ല രീതിയില്‍ സര്‍വീസ് നടത്തുവാന്‍ സാധിക്കത്തതു കൊണ്ട് ഈ വണ്ടികള്‍ എറണാകുളം ഡിപ്പോയ്ക്ക് കൈമാറി. എന്നിട്ട് എറണാകുളം ബാംഗ്ലൂര്‍ (വഴി മൈസൂര്‍) ഓടിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സുകള്‍ പാലായ്ക്ക് കൊടുത്തു, ഒരു മാസം തികച്ച് ഈ വണ്ടി ഓടിക്കാന്‍ പാലാക്കാര്‍ക്ക് കഴിഞ്ഞില്ല. നഷ്ടമെന്ന് പറഞ്ഞ് ഈ സര്‍വീസും കെ എസ് ആര്‍ ടി സി നിര്‍ത്തിവെച്ചു. എന്നിട്ട് ഇപ്പോള്‍ കര്‍ണാടകാ സ്റ്റേറ്റ് പെര്‍മിറ്റുള്ള ആവണ്ടികള്‍ തിരുവനന്തപുരം ബത്തേരി റൂട്ടിലോടുന്നു. എന്നാല്‍ അവര്‍ക്കതു മൈസൂര്‍ക്കു നീട്ടിക്കൂടെ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. അങ്ങനെ ചെയ്താല്‍ അതു യാത്രക്കര്‍ക്കുപകാരപ്രദമാകില്ലെ, അതു കൊണ്ടു തന്നെ അതു
ചെയ്യില്ല.
രണ്ട് വര്‍ഷം മുന്‍പ് കേവലം 27 സര്‍വീസുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ക്ക് നടത്തിയിരുന്നത്. അത് പിന്നീട് 43 സര്‍വീസുകള്‍ ആയി ഉയര്‍ന്നു. ഇന്നിപ്പോള്‍ വീണ്ടും അത് 39 ആയി കുറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ബാംഗ്ലൂരില്‍ കാണാന്‍ സാധിക്കാത്ത അവസ്ഥ വിദൂരമല്ല.
പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ലാതെയാണ് കെ എസ് ആര്‍ ടി സുടെ ബാംഗ്ലൂരിലുള്ള റിസര്‍വേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍ തകരാര്‍. ജീവനക്ക് ഉപയോഗിക്കാന്‍ വേണ്ടത്ര ഫര്‍ണീച്ചറുകള്‍ ഇല്ല. വണ്ടികള്‍ക്കെന്തെങ്കിലും തകരാറോ മറ്റോ സംഭവിച്ചാല്‍ വന്‍ തുക പുറത്തു നല്‍കിയാണ് ഇപ്പോള്‍ നന്നാക്കുന്നത്. സ്ഥിരമായി ഇവിടെ ഒരു മെക്കാനിക്കിനേയും ക്ലീനറേയും ഇവിടെ നിയമിക്കുകയാണെങ്കില്‍ ഈ ഭീമമായ നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കില്ലെ? ഒരോ ദിവസത്തേയും കളക്ഷന്‍ തുക ബാങ്കിലടക്കാന്‍ ജീവനകാര്‍ ഒളിച്ചും പാത്തും വേണം പോകുവാന്‍. ഇവര്‍ക്ക് ഇതിനായി വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല.
ബന്ദിപ്പുര്‍ വനമേഖലയില്‍ കൂടിയുള്ള യാത്രാ നിരോധനം കാരണം മിക്ക വണ്ടികളും തെറ്റായ സമയക്രമത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. എറണാകുളത്തു നിന്നും വിടുന്ന വണ്ടി നട്ടുച്ചയ്ക്ക് ബാംഗ്ലൂരിലെത്തിയാല്‍ ആരെങ്കിലും അതില്‍ കേറുമോ? കര്‍ണാടകാ ആര്‍ ടി സിയ്ക്ക് തമിഴ് നാട്ടില്‍ കൂടി യഥേഷ്ടം പെര്‍മിറ്റുകള്‍ ഉള്ളത് കൊണ്ട് അവര്‍ ബുദ്ധിപൂര്‍വ്വം ആ വഴി ഓടിക്കുന്നു. കഴിഞ്ഞ ഓണം സീസണില്‍ തിരുവനന്തപുരത്തു നിന്നും കോഴിക്കോഡ് മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ബസ് സര്‍വീസ് നടത്തിയവരാണ് കേരളാ ആര്‍ ടി സി.
ഇതിന് മറ്റൊരു ഉദാഹരണമാണ് ബാംഗ്ലൂര്‍ മൂന്നാര്‍ സര്‍വീസ്. കേരളാ ആര്‍ ടി സിയുടെ മൂന്നാര്‍ ഡീലക്സ് ബസ്സ് വൈകീട്ട് നാലു മണിക്കാണ് ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്നത്. ലോകം ചുറ്റിയാണ് ഈ വണ്ടിയുടെ യാത്ര. (മൈസൂര്‍, കോഴിക്കോട്, കോതമംഗലം വഴി). 543 രൂപയാണ് ചാര്‍ജ്ജ്. അതേ സമയം കോയമ്പത്തൂര്‍ വഴിയാണ് കര്‍ണാടക ആര്‍ ടി സി മൂന്നാര്‍ക്ക് സര്‍വീസ് നടത്തുന്നത്. 514 കിലോമീറ്ററുള്ള ഈ റൂട്ടിന് 314 രൂപയാണ് ചാര്‍ജ്ജ്. ബസ്സുകള്‍ രണ്ടും ഒരു പോലെയുള്ളത്. 229 രൂപ യാത്രക്കാരനു ലാഭം.
അധികൃതര്‍ ഇനിയെങ്കിലും ഇതൊക്കെ ഒന്നു മനസ്സിലാക്കി കണ്ണു തുറന്ന് വേണ്ടതു ചെയ്തില്ലെങ്കില്‍ ഈ ലേഖനത്തിന്റെ തലക്കെട്ട് വൈകാതെ തന്നെ നിങ്ങള്‍ക്ക് മാധമങ്ങളില്‍ കാണുവാന്‍ സാധിക്കും.
