തമിഴകത്തും കര്‍ണാടകത്തിലും ബംഗാളിലും ബസ്ചാര്‍ജ് കൂട്ടില്ല
Posted by Sujith Bhakthan at Thursday, 4 March 2010
ഇന്ധനവില കൂട്ടിയതിനെതിരെ വിമര്‍ശവുമായി രംഗത്തുവന്ന യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ. ഭരിക്കുന്ന തമിഴ്‌നാട്ടില്‍ ബസ്ചാര്‍ജ് കൂട്ടില്ല. പെട്രോളിയം വിലവര്‍ധനയുടെ പേരില്‍ സംസ്ഥാനത്ത് ചാര്‍ജ് കൂട്ടരുതെന്ന് മുഖ്യമന്ത്രി കരുണാനിധി ഗതാഗതമന്ത്രി കെ.എന്‍. നെഹ്രുവിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് രണ്ടു രൂപയാണ്. ഈ ടിക്കറ്റുകൊണ്ട് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എം.ടി.സി.) ഓര്‍ഡിനറി ബസ്സില്‍ നാലു കിലോമീറ്റര്‍ വരുന്ന രണ്ടു ഫെയര്‍ സ്റ്റേജുകള്‍ യാത്ര ചെയ്യാം. സംസ്ഥാനത്ത് അവസാനമായി ചാര്‍ജ് കൂട്ടിയത് 2007 നവംബര്‍ 22-നാണ്. ലിമിറ്റഡ് സ്റ്റോപ്പ്, പോയന്റ് ടു പോയന്റ് സര്‍വീസുകളില്‍ രണ്ടരയും എക്സ്പ്രസ് ബസ്സുകളില്‍ മൂന്നുമാണ് മിനിമം ചാര്‍ജ്. ഡീലക്‌സ് ബസ്സില്‍ ഇത് അഞ്ചും എയര്‍കണ്ടീഷന്‍ഡ് ബസ്സില്‍ പത്തും രൂപയാണ്.
തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍കുട്ടികള്‍ക്ക് പൂര്‍ണമായും യാത്ര സൗജന്യമാണ്. കോളേജ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്‍സഷനുണ്ട്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കും. എം.ടി.സി. ബസ്സുകളില്‍ 43.70 കിലോമീറ്റര്‍ യാത്രാപരിധിയില്‍ ഒരു ദിവസം എത്രവേണമെങ്കിലും യാത്ര ചെയ്യാന്‍ 30 രൂപയുടെ ടിക്കറ്റ് മതി.
ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തില്‍ ബസ് ചാര്‍ജ് കൂട്ടാനുള്ള ഒരു നീക്കവുമില്ലെന്ന് 'ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍' (ബി.എം.ടി.സി.) അധികൃതര്‍ അറിയിച്ചു. രണ്ടു കി.മീ. വരുന്ന ഒരു ഫെയര്‍സ്റ്റേജ് യാത്രചെയ്യാനാവുംവിധം മൂന്നു രൂപയാണ് ഇവിടെ മിനിമം ചാര്‍ജ്. 2009 ജൂലായ്മാസത്തിനുശേഷം കര്‍ണാടകത്തില്‍ ബസ്ചാര്‍ജ് കൂട്ടിയിട്ടില്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാനിരക്കും കൂട്ടാന്‍ നീക്കമില്ല.
സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന പശ്ചിമബംഗാളിലും ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ബസ്ചാര്‍ജ് കൂട്ടില്ല. ആദ്യത്തെ നാലു കി.മീ. യാത്ര ചെയ്യാന്‍ സംസ്ഥാനത്ത് നാലു രൂപയാണ് ചാര്‍ജ്. എന്നാല്‍ ആറു രൂപ ടിക്കറ്റില്‍ അഞ്ചു മുതല്‍ 12 കി.മീ.വരെ യാത്ര ചെയ്യാം. അതിനുശേഷം ഓരോ നാലു കി.മീറ്ററിനും ഒരു രൂപവീതം അധികം നല്‍കിയാല്‍ മതി. 2008 നവംബര്‍ മുതലാണ് ഈ ചാര്‍ജുകള്‍ നിലവില്‍ വന്നത്. ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസ് കോര്‍പ്പറേഷനുകളില്‍നിന്നോ ബസ്സുടമകളില്‍നിന്നോ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.
മുംബൈ നഗരത്തില്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത് നഗരസഭയ്ക്കു കീഴിലുള്ള 'ബെസ്റ്റ്' ആണ്. രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇപ്പോള്‍ ഈടാക്കുന്നത് മൂന്നു രൂപയാണ്. ഒന്നരവര്‍ഷമായി ഈ നിരക്ക് ഈടാക്കുന്നു. ഇതില്‍ ചെറിയ വര്‍ധന വരുത്തുന്ന കാര്യം ആലോചനയിലാണ്. മിനിമം ചാര്‍ജ് കൂട്ടിയാലും മൂന്നര രൂപയിലധികമാവില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്താഴ്ച തീരുമാനമുണ്ടാവും. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള പാസ് 15 രൂപയ്ക്കും എ.സി. ബസ്സില്‍ പ്രതിമാസ പാസ് 750 രൂപയ്ക്കും ലഭിക്കും.
ആന്ധ്രയില്‍ രണ്ടു മാസം മുമ്പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇവിടെ മിനിമം ചാര്‍ജ് നാലു രൂപയാണ്. അതുകൊണ്ടുതന്നെ ബജറ്റിലെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയുമൊരു വര്‍ധനയുണ്ടാവില്ല.
Source: www.mathrubhumi.com