മറ്റൊരു ദുരന്തം ഞെട്ടലായപ്പോള്‍ വീണ്ടുമൊരു വീണ്ടുവിചാരം
Posted by Sujith Bhakthan at Sunday, 28 March 2010
തേക്കടിയില്‍ ബോട്ടുദുരന്തമുണ്ടായപ്പോള്‍ ചര്‍ച്ചയായത് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയായിരുന്നു. കരുനാഗപ്പള്ളിയില്‍ ഗ്യാസ് ടാങ്കറിനു തീ പിടിച്ചപ്പോള്‍ ഫയര്‍ഫോഴ്സിന്റെ ദയനീയത താനേ വെളിപ്പെട്ടു. കോഴിക്കോട്ട് വഞ്ചിമറിഞ്ഞ് കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെയൊരു പാലത്തിന്റെ അനിവാര്യതയും നാം തിരിച്ചറിഞ്ഞു.
ഓരോ ദുരന്തം കഴിയുമ്പോഴും ഒരു വീണ്ടുവിചാരം പതിവുള്ളതാണ്. താഴത്തങ്ങാടിയില്‍ മീനച്ചിലാറിന്റെ അഗാധതയിലേക്ക് പത്തു ജീവനുകള്‍ മറഞ്ഞപ്പോള്‍ ആ റോഡരികില്‍ സംരക്ഷണഭിത്തിയില്ലെന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോദ്ധ്യമായി. അതോടൊപ്പം മറ്റൊന്നു കൂടിയുണ്ട്, അപകടത്തില്‍പ്പെടുന്ന ബസുകളില്‍ നിന്ന് പുറത്തു കടക്കാന്‍ ഭാഗ്യം മാത്രം മതിയോ എന്ന ചോദ്യമാണത്!
താഴത്തങ്ങാടി ദുരന്തത്തിന് ഇരയായ ബസില്‍ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് 'എമര്‍ജന്‍സി എക്സിറ്റ്' ഉണ്ടായിരുന്നു. കുറേയേറെപ്പേര്‍ ജീവിതത്തിലേക്ക് തിരികെ വന്നത് ഈ വഴിയായിരുന്നു. വശങ്ങളിലൂടെ പുറത്തു കടക്കാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ പഴയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം മിക്ക ബസുകളിലും എമര്‍ജന്‍സി എക്സിറ്റ് ഒരു സങ്കല്പം മാത്രമാണ്. എമര്‍ജന്‍സി എക്സിറ്റ് നിര്‍ദേശിക്കപ്പെട്ട ഭാഗത്ത് തകരഷീറ്റ് അടിച്ച് മറച്ച ട്രാന്‍. ബസുകളും നിറയെ യാത്രക്കാരുമായി തലങ്ങും വിലങ്ങും പോവുന്നത് വിരളമല്ലാത്തൊരു കാഴ്ചയാണ്.
2002ല്‍ നിലവില്‍ വന്ന കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 280 (4) പ്രകാരമാണ് ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ് നിര്‍ബന്ധമാക്കിയത്. 150 സെന്റീമീറ്റര്‍ നീളവും 120 സെന്റീമീറ്റര്‍ വീതിയുമുള്ള ഫ്രെയിമിലാവണം ഇവ ഉറപ്പിക്കേണ്ടത്. അല്ലെങ്കില്‍ പുറത്തു നിന്നും അകത്തു നിന്നും തുറക്കാന്‍ കഴിയുന്ന ഇതേ വലിപ്പമുള്ള ഡോര്‍ ആയാലും മതിയാവും. വെള്ള നിറത്തിന്റെ പശ്ചാത്തലത്തില്‍ ചുവന്ന നിറം കൊണ്ട് എമര്‍ജന്‍സി എക്സിറ്റ് എന്ന് എഴുതുകയും വേണം.എന്നാല്‍ എമര്‍ജന്‍സി ഡോറുകള്‍ ഓട്ടത്തിടനിടെ താനേ തുറക്കുന്ന അവസ്ഥ ഉണ്ടായതോടെ ബസ് ഉടമകള്‍ ഇവ ഒഴിവാക്കി.
കെ.എസ്.ആര്‍.ടി.സിയുടെ പഴയ ബസുകളില്‍ ഒന്നിനു പോലും എമര്‍ജന്‍സി എക്സിറ്റ് ഇല്ല. സ്വകാര്യ ബസുകളില്‍ മിക്കവയിലും എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടെങ്കിലും അവയുടെ ഉദ്ദേശലക്ഷ്യം സാധിക്കാന്‍ കഴിയാത്ത വിധമായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. പുറത്തേക്കിറങ്ങുന്നതിന് വിഘാതമാവുന്ന തരത്തില്‍ കുറുകെ കമ്പിയോ മറ്റോ വരാന്‍ പാടില്ലെന്ന നിബന്ധനയും പാലിക്കപ്പെടാറില്ല. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസുകളിലും ഇപ്രകാരം കമ്പികളുണ്ട്. ചില ബസുകളില്‍ സ്റ്റെപ്പിനി ടയര്‍ അടക്കമുള്ളവ എമര്‍ജന്‍സി എക്സിറ്റിനു സമീപമാണ് 'ഫിറ്റ്' ചെയ്യുന്നത്.
പിന്നില്‍ നീളന്‍ സീറ്റ് സ്ഥാപിക്കുന്നതാണ് എമര്‍ജന്‍സി എക്സിറ്റിന് മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന മറ്റൊന്ന്. ബസുകളുടെ ഏറ്റവും പിന്നിലെ സീറ്റും മറ്റുള്ളവ പോലെ രണ്ടു വശങ്ങളില്‍ ആയിരിക്കണമെന്ന നിബന്ധന സ്വകാര്യ ബസുകള്‍ പാലിക്കാറില്ല. വാഹനത്തിന്റെ ടെസ്റ്റ് സമയം ഈ നിബന്ധന പ്രകാരമാണ് സീറ്റുകള്‍ സ്ഥാപിക്കുന്നതെങ്കിലും പിന്നീട് ഇവ മാറ്റി നീളന്‍ സീറ്റ് ഏര്‍പ്പെടുത്തുന്നതാണ് പതിവ്.
Source: Kaumudi Source: Kaumudi © Copyright Keralakaumudi Online 2009