ബാംഗ്ലൂര്‍ സര്‍വ്വീസിനോടു പാലാ ഡിപ്പോയുടെ ചിറ്റമ്മനയം
Posted by Sujith Bhakthan at Saturday, 20 March 2010
പാലാ: നാടാകെ കേട്ടിഘോഷിച്ച് തുടങ്ങിയതാണ് പാലാ ബാംഗ്ലൂര്‍ സര്‍വീസ്. ആദ്യം ഒരു സൂപ്പര്‍ ഫാസ്റ്റ് വണ്ടി ആയിരുന്നു. പിനീട് അത് എ.സി ബസ്സാക്കി ഉയര്‍ത്തി.
നല്ല രീതിയില്‍ ഓടിക്കൊണ്ടിരുന്ന സര്‍വീസ് ഇപ്പോള്‍ "വണ്ടി വന്നെങ്കില്‍ പോകുമെന്ന അവസ്ഥയാണ്." മിക്ക ദിവസങ്ങ്ങ്ങളിലും വണ്ടി ബാംഗ്ലൂരില്‍ എത്താറില്ല. ട്രിപ്പ് മുടക്കല്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. എ.സി തകരാര്‍ കാരണമാണ് വണ്ടി വിടാന്‍ സാധിക്കാത്തതെന്നാണ് പാലാ ഡിപ്പോയില്‍ നിന്നുള്ള വിശദീകരണം.
പാലാ ഡിപ്പോ അധികൃതര്‍ ബാംഗ്ലൂര്‍ സര്‍വ്വീസിനോടു ചിറ്റമ്മനയം കാണിക്കുന്നു എന്നാണു ബാംഗ്ലൂരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കെ എസ ആര്‍ ടി സി ബ്ലോഗിനോട് പറഞ്ഞത്.
തിരുവനന്തപുരം ബാംഗ്ലൂര്‍ ഓടിക്കൊണ്ടിരുന്ന വണ്ടികളാണ് ഇപ്പോള്‍ പാലാ ഡിപ്പോയ്ക്ക് ലഭിച്ചിരിക്കുന്നത്. വണ്ടികള്‍ക്ക് സ്ഥിരം എ.സി തകരാര്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് പരിഹരിക്കുവാന്‍ ആവശ്യമായ സാങ്കേതിക ജ്ഞാനം ഉള്ള മേക്കാനിക്കുകള്‍ പാലാ ഡിപ്പോയില്‍ ഇല്ല. ഇത് കാരണം സര്‍വീസുകള്‍ മുടങ്ങുക പതിവായി. വണ്ടികള്‍ നന്നാക്കുന്നതിനായി ഏറണാകുളത്തിനും കോട്ടയത്തിനും അയക്കുന്നതാണ് പ്രധാന കാരണമായി പാലാ ഡിപ്പോയിലെ അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്. ഏറെ ആവശ്യപ്പെട്ടിട്ടും ഒരു എ.സി ബസ് മെക്കാനിക്കിനെ തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
പ്രൈവറ്റ് ബസ്സുകളുടെ ഇടപെടലാണ് ട്രിപ്പ് മുടക്കുന്നതിന് മറ്റൊരു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്ഥിരമായി ട്രിപ്പ് മുടങ്ങുന്നത് കാരണം ഓണ്‍ലൈന്‍ ബുക്കിംഗിലും പാലാ വണ്ടി പുറത്ത്. വണ്ടി സുല്‍ത്താന്‍ ബത്തേരി കടന്നു കഴിഞ്ഞാല്‍ മാത്രമേ ബാംഗ്ലൂരില്‍ നിന്നും റിസര്‍വേഷന്‍ നല്‍കി തുടങ്ങുകയുള്ളൂ.
ബാംഗ്ലൂരില്‍ നിന്നും ഉച്ചക്ക് പുറപ്പെട്ട് മൈസൂര്‍, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, തൃശ്ശൂര്‍ വഴിയാണ് ഈ വണ്ടി പാലായ്ക്ക് പോകുന്നത്. എന്തായാലും ഈ വണ്ടിയോടുള്ള ചിറ്റമ്മനയം വേഗം അവസാനിക്കുമെന്ന്‍ നമുക്ക് പ്രതീക്ഷിക്കാം.
സുജിത് ഭക്തന്‍