ബസ് ഡ്രൈവറെ എം.എല്‍.എ മര്‍ദ്ദിച്ചെന്ന പരാതി: സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷിക്കും
Posted by Sujith Bhakthan at Thursday, 4 March 2010
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിയമസഭാംഗമായ മാങ്കോട് രാധാകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മന്ത്രി അറിയിച്ചതുപ്രകാരം വിശദമായി അന്വേഷിച്ചശേഷമേ കേസ് നടപടികളുമായി മുന്നോട്ടുപോകൂ എന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണനും വ്യക്തമാക്കി.
ഇന്നലെ ശൂന്യവേളയിലാണ് താന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായുള്ള ആരോപണം നിഷേധിച്ചുകൊണ്ട് മാങ്കോട് രാധാകൃഷ്ണന്‍ സഭയില്‍ വിശദീകരണം നല്‍കിയത്. തനിക്കെതിരെ കേസെടുത്തതായാണ് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും ബോധപൂര്‍വം കെട്ടിച്ചമച്ച അപവാദക്കഥയിലൂടെ താന്‍ അപമാനിതനായെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തിനു ശേഷം കേസിന്റെ കാര്യത്തില്‍ മന്ത്രിയൊന്നും പറഞ്ഞില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങളും ചില സി.പി.ഐ അംഗങ്ങളും എഴുന്നേറ്റത് സഭയില്‍ അല്പനേരം ഒച്ചപ്പാടിനിടയാക്കി. ഇത് സഭാംഗത്തിന്റെ അവകാശപ്രശ്നമാണെന്നും അംഗത്തിനെതിരെ കേസെടുത്തിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിശദമായി അന്വേഷിച്ച ശേഷമേ കേസ് നടപടികളുണ്ടാവൂ എന്ന് സ്പീക്കര്‍ ഉറപ്പുപറഞ്ഞതോടെ അംഗങ്ങള്‍ അടങ്ങി.
അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പോകുന്ന വഴിയില്‍ അതിവേഗതയില്‍ വന്ന കെ. എസ്. ആര്‍.ടി.സി ബസ് തന്റെ കാറിന്റെ ഇടതുവശത്ത് ഉരസിയതായി മാങ്കോട് പറഞ്ഞു. ഇതുകണ്ട് കാറിനകത്തുണ്ടായിരുന്ന മകള്‍ പരിഭ്രമിച്ചു നിലവിളിച്ചു. എന്നിട്ടും നിറുത്താതെ പോയ ബസ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ കൈ കാണിച്ചു നിറുത്തി. ഡ്രൈവറോട് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച് അദ്ദേഹത്തെ താന്‍ ബോദ്ധ്യപ്പെടുത്തി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ എ.എസ്.ഐയോട് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ ശിക്ഷണനടപടിയെടുക്കണമെന്ന് കെ. എസ്. ആര്‍.ടി.സി എം.ഡിയെയും വിളിച്ചുപറഞ്ഞു. എ.എസ്.ഐയുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് സംസാരിച്ചത്. അതുകഴിഞ്ഞ് മടങ്ങി. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടുംബവീട്ടിലിരിക്കുകയായിരുന്ന തനിക്ക് ഫോണ്‍കാള്‍ വന്നു.
താന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി ചാനലുകളില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. പൊതുജനമദ്ധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നത്. ഇതേക്കുറിച്ച് സ്പീക്കറോട് വിശദീകരിച്ചു. പിന്നീടാണ് കേസെടുത്തതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞത്. 30 വര്‍ഷമായി വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് രാഷ്ട്രീയരംഗത്തു വന്നയാളാണ് താന്‍. എട്ടുവര്‍ഷമായി ഈ സഭയിലെ അംഗവുമാണ്. അങ്ങേയറ്റം വിനയവും മാന്യതയും ഉയര്‍ത്തിപ്പിടിച്ചു മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്- മാങ്കോട് വിശദീകരിച്ചു.
Source:http://news.keralakaumudi.com/