വനിതാ കണ്ടക്ടര്‍മാര്‍ കൂട്ടത്തോടെ, ഡിപ്പോകളില്‍ തിരക്കിട്ട ഒരുക്കം
Posted by Sujith Bhakthan at Saturday, 20 March 2010
മലപ്പുറം: വനിതാ കണ്ടക്ടര്‍മാര്‍ വിചാരിച്ചാല്‍ കെ.എസ്.ആര്‍.ടി.സി നന്നാകുമോ എന്ന് സര്‍ക്കാരിന് അത്ര തീര്‍ച്ചപോരാ. പക്ഷേ, ഒന്നുറപ്പ്: ബസ് സ്റ്റേഷനുകള്‍ നന്നാവും! കെ.എസ്.ആര്‍.ടി.സി റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റിലെ 6930 പേരില്‍ ഇക്കുറി 35 ശതമാനം സ്ത്രീകളുണ്ട്. എട്ടുകോടി രൂപ ചെലവിട്ടാണ് വിവിധ ഡിപ്പോകളില്‍ ഇവര്‍ക്കായി അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്നവര്‍ക്ക് യൂണിഫോം മാറാനും സുരക്ഷിതമായി ഉറങ്ങാനുമുള്ള മുറികള്‍, ടോയ്ലറ്റ്, കുളിമുറി, വിശ്രമമുറി.... എല്ലാം ഉടന്‍ പൂര്‍ത്തിയാകും. നവംബര്‍ 30- ന് നിലവില്‍ വന്ന റാങ്ക്ലിസ്റ്റില്‍ നിന്ന് നിയമനം നല്കിത്തുടങ്ങിയപ്പോഴാണ് കണ്ടക്ടര്‍മാരുടെ കൂട്ടത്തിലെ പെണ്‍തിരക്ക് അധികൃതര്‍ ശ്രദ്ധിച്ചത്. ഒറ്റ ഡിപ്പോയില്‍പ്പോലും നൈറ്റ് ഡ്യൂട്ടിക്കാര്‍ക്കായി അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് തിരിച്ചറിഞ്ഞതോടെ തിരക്കിട്ട ഒരുക്കമായി. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങളില്‍ പറയുന്ന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ അവരെ രാത്രിഡ്യൂട്ടിക്കിട്ടാല്‍ മാനേജ്മെന്റ് കോടതി കയറേണ്ടിവരും.
നിലവില്‍ ചില സ്ഥലങ്ങളില്‍ വനിതാ കണ്ടക്ടര്‍മാരുണ്ടെങ്കിലും ഇവരെ നൈറ്റ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പക്ഷേ, ഇനി അത്തരം പരിഗണനകളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. "പുരുഷന്മാര്‍ക്കു നല്കുന്ന അതേ പരിഗണനയായിരിക്കും വനിതാ കണ്ടക്ടര്‍മാര്‍ക്കും. ദീര്‍ഘദൂര ഡ്യൂട്ടിക്കും രാത്രി ഡ്യൂട്ടിക്കും ഇവരെയും നിയോഗിക്കും. കുറച്ചുനാള്‍ കണ്ടക്ടര്‍ ജോലി ചെയ്തതിനു ശേഷം ഓഫീസ്ജോലിയിലേക്ക് മാറ്റണമെന്ന് അപേക്ഷയുമായി വന്നാല്‍ അംഗീകരിക്കില്ല." കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ടി.പി. സെന്‍കുമാര്‍ 'കേരളകൌമുദി'യോട് പറഞ്ഞു.
സ്ത്രീകള്‍ കൂട്ടത്തോടെ കണ്ടക്ടര്‍ ജോലിക്കെത്തുന്നത് കെ.എസ്.ആര്‍.ടി.സിക്ക് ഗുണമാകുമോ ദോഷമാകുമോ എന്നു ചോദിച്ചാല്‍, അത് അവരുടെ പ്രവര്‍ത്തനരീതി അനുസരിച്ചായിരിക്കുമെന്നാണ് എം.ഡിയുടെ മറുപടി. അതേസമയം, പരീക്ഷയെഴുതാന്‍ കാണിച്ച അത്ര ഉത്സാഹം ജോലിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുലര്‍ത്തുന്നില്ലെന്നാണ് അനുഭവം. മലപ്പുറത്ത് പത്തു സ്ത്രീകള്‍ക്ക് നിയമന ഉത്തരവ് നല്കിയിട്ട് മൂന്നുപേരേ ഹാജരായുള്ളൂ. കോഴിക്കോട്ടും കണ്ടക്ടര്‍ യൂണിഫോമിടാന്‍ ആവേശക്കുറവുണ്ട്. എന്തായാലും, വനിതാ കണ്ടക്ടര്‍മാരെ സ്വീകരിക്കാന്‍ ഡിപ്പോകള്‍ റെഡി.
Source: Kerala Kaumudi
