സാങ്കേതിക വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സര്‍വീസുകള്‍ താളം തെറ്റുന്നു. 26 ഷെഡ്യൂളുകളാണ് ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഭൂരിപക്ഷം ബസുകളും കാലപ്പഴക്കം ചെന്നവയാണ്. വിരലിലെണ്ണാവുന്നത്ര പുതിയ ബസുകള്‍ മാത്രമാണ് ഡിപ്പോയിലുള്ളത്. പഴയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് തുടരുമ്പോഴും ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെവരുന്നത് സര്‍വീസുകളെ ബാധിക്കുകയാണ്.
ബസുകള്‍ക്കുണ്ടാകുന്ന ചെറിയ സാങ്കേതിക പിഴവുകള്‍ പോലും ഡിപ്പോയില്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം രാത്രി സര്‍വീസ് ഉള്‍പ്പെടെ പല ട്രിപ്പുകളും മുടങ്ങുന്നത് പതിവാണ്. ഇതു സംബന്ധിച്ച് ജീവനക്കാര്‍ ഡിപ്പോ അധികാരികളും മേലുദ്യോഗസ്‌ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.
ബസുകളുടെ വൈപ്പര്‍ തകരാറിലായാല്‍ പോലും സര്‍വീസുകള്‍ മുടങ്ങുന്ന സ്‌ഥിതിയാണ് ഇവിടെയുള്ളത്. ആരംഭ കാലംമുതല്‍ കട്ടപ്പന ഡിപ്പോയെ അധികാരികള്‍ അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഇതര ഡിപ്പോകളില്‍ പുതിയ ബസുകള്‍ അനുവദിക്കുമ്പോഴും കട്ടപ്പനയില്‍ മാത്രം പഴയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തേണ്ട സാഹചര്യമാണ്.
തിരുവനന്തപുരം: സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിനെച്ചൊല്ലി യാത്രക്കാരനും കെ. എസ്. ആര്‍.ടി.സി കണ്ടക്ടറും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ യാത്രക്കാരന്‍ കണ്ടക്ടറുടെ കണ്ണില്‍ സ്പ്രേ പ്രയോഗിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ യാത്രക്കാരനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി. പരിക്കേറ്റ യാത്രക്കാരന്‍ സൌത്ത് കാലടി സ്വദേശി സുനില്‍കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മരക്ഷാര്‍ത്ഥം സ്ത്രീകള്‍ ഉപയോഗിക്കുന്ന കണ്ണിന് എരിച്ചിലുണ്ടാക്കുന്ന സ്പ്രേയാണിതെന്ന് പൊലീസ് പറഞ്ഞു. സുനില്‍കുമാര്‍ കെ.എസ്. ആര്‍.ടിസിയിലെ മുന്‍ എംപാനല്‍ കണ്ടക്ടറാണ്.
ഇന്നലെ രാത്രി എട്ടുമണിയോടെ സൌത്ത് കാലടിക്കടുത്തു വച്ചായിരുന്നു സംഭവം. കിഴക്കേക്കോട്ടയില്‍ നിന്ന് പോകുകയായിരുന്ന ബസിലെ ഒരു യാത്രക്കാരി ഇറങ്ങണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്ലെന്ന് പറഞ്ഞ് നിര്‍ത്താന്‍ കണ്ടക്ടര്‍ തയ്യാറായില്ല. ഇതിനെ ചൊല്ലി സുനില്‍കുമാറും കണ്ടക്ടറും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആയൂര്‍ : ആയൂര്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍ പുതിയ സ്ഥലത്തേക്ക് മാറ്റും. സെന്ററിന് വേണ്ടി ആയൂര്‍ക്ഷേത്രത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം ഇന്ന് (തിങ്കള്‍) അക്വയര്‍ ചെയ്യും. രണ്ട് കുടുസുമുറികളിലായാണ് ആയൂരിലെ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പരിസരമാകെ മാലിന്യം കുന്നുകൂടി ദുര്‍ഗ്ഗന്ധം വമിക്കുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിഹീനമായതിനാല്‍ ആരും ഉപയോഗിക്കാറില്ല. ഏഴ് സ്വകാര്യവ്യക്തികളില്‍ നിന്നാണ് ബസ് സ്റ്റാന്‍ഡിന് വേണ്ടി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത്.
കെ. രാജു എം.എല്‍.എ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലി എസ്. റാവുത്തര്‍ എന്നിവരുടെ ശ്രമഫലമായാണ് സ്ഥലമെടുപ്പുനടപടി വേഗത്തിലായത്. സ്ഥലമേറ്റെടുക്കുന്നതിനാവശ്യമായ തുക അടയ്ക്കാന്‍ പഞ്ചായത്ത് തയ്യാറാണെന്ന് പ്രസിഡന്റ് അറിയിച്ചു. പുതുതായി നിര്‍മ്മിക്കുന്ന ഓപ്പറേറ്റിംഗ് സെന്ററിനോടൊപ്പം ഷോപ്പിംഗ് കോംപ്ളക്സും പണിയും.
ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഓപ്പറേറ്റിംഗ് സെന്ററിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് എം.എല്‍.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും തീരുമാനം. ആയൂര്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ശോച്യാവസ്ഥയെയും സ്ഥലപരിമിതിയെയുംകുറിച്ച് കേരളകൌമുദി ഡിസംബര്‍ 9ന് 'ഇതിന്റെ പേരും ബസ് സ്റ്റാന്‍ഡ്' എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
തിരുവല്ല: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെ. എസ്. ആര്‍. ടി. സി. തിരുവല്ല ഡിപ്പോയില്‍ നിന്നും ബസ് സര്‍വീസ് ആരംഭിച്ചു. അയ്യപ്പന്‍മാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് സര്‍വീസ് ആരംഭിച്ചത്. ദിവസവും വൈകിട്ട് 7 ന് ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് ബസ് പുറപ്പെടും. 8 ന് അവിടെ നിന്നും കാവും ഭാഗം ഏറങ്കാവ് ക്ഷേത്രം, ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിലൂടെ ബസ് സ്റാന്‍ഡിലെത്തി റെയില്‍വേ സ്റ്റേഷന്‍, ഇടത്താവളം എന്നിവിടങ്ങളിലൂടെ പത്തനംതിട്ട , വടശേരിക്കര റൂട്ടില്‍ പമ്പയിലേക്ക് പോകും.
തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് പിന്നീട് കൂടുതല്‍ ഷെഡ്യൂളുകളും ആരംഭിക്കും. കുറഞ്ഞത് 40 തീര്‍ത്ഥാടകര്‍ക്ക് ഒരു ബസ് എന്ന കണക്കിലായിരിക്കും കൂടുതല്‍ ബസുകള്‍ ആരംഭിക്കുക. തിരുവല്ലയിലെ സബ് ഡിപ്പോയായ മല്ലപ്പള്ളിയില്‍ നിന്നും ഒരു ബസും സര്‍വീസ് ആരംഭിച്ചു. തിരുമാലിട ക്ഷേത്രം, ചുങ്കപ്പാറ, പൊന്തന്‍പുഴ വഴി എരുമേലിയിലെത്തിയാണ് ഈ ബസ് പമ്പയിലേക്ക് പോകുന്നത്. തീര്‍ത്ഥാടകരുടെ വരവ് കണക്കാക്കി എല്ലാ ദിവസവും കല്ലൂപ്പാറ ദേവീ ക്ഷേത്രത്തില്‍ നിന്നും ബസ് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.
ശബരിമല സര്‍വീസിനായി ഡിപ്പോയ്ക്ക് പുതിയ ബസുകള്‍ അനുവദിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരുവല്ലയില്‍ നിന്നും സര്‍വീസ് നടത്തുന്നതിനായി മൂന്ന് ബസുകള്‍ കൊണ്ടു പോവുകയും ചെയ്തു. പമ്പ, കുമളി, ചെങ്ങന്നൂര്‍ ഡിപ്പോകളിലേക്ക് ഓരോ ബസുകളും കൊണ്ടുപോയിരുന്നു. ഇത് മൂലം ഇവിടെ സര്‍വീസ് നടത്തികൊണ്ടിരുന്ന ചില ഫാസ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.
കറുകച്ചാല്‍: പരമ്പരാഗത ശബരിമല പാതയായ പുതുപ്പള്ളി, കറുകച്ചാല്‍ നെടുംകുന്നം, പത്തനാട്, മണിമല, വഴി കോട്ടയത്തുനിന്നും കെ. എസ്. ആര്‍. ടി. സി. സ്പെഷ്യല്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു. കോട്ടയം ഡിപ്പോയില്‍ നിന്നും ഇന്നലെ രാവിലെ ഏഴിനാണ് ആദ്യ സര്‍വ്വീസ് ആരംഭിച്ചത്.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആദ്യഘട്ടമെന്നനിലയില്‍ ഒരു സര്‍വ്വീസ് മാത്രമാണ് നടത്തുക. സ്പെഷ്യന്‍ സര്‍വ്വീസിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി പത്തനാട് ജംഗ്ഷില്‍ എന്‍. എസ്. എസ് കരയോഗത്തിന്റെയും ശിവോദയപുരം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിന് സന്തോഷ് മാവേലി, ബി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പമ്പയ്ക്ക് സ്പെഷ്യന്‍ സര്‍വ്വീസ് ആരംഭിക്കുവാനുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഹൈന്ദവസംഘടനാ പ്രതിനിധികളെ കറുകച്ചാല്‍ 58-ാം എസ്. എന്‍.ഡി. പി. ശാഖായോഗം ഭരണസമിതി അഭിനന്ദിച്ചു.
തിരുവനന്തപുരം: കണ്ടാല്‍ ആന വണ്ടിയാണെന്നു തോന്നുകയേയില്ല. അകത്തു കയറി നോക്കിയാല്‍ തീരെയും തോന്നില്ല. നല്ല സുഖമുള്ള നനുനനുത്ത കുളിര് (അലവലാതി കാറുകളുടേതെന്നപോലെ മുഖത്തേക്ക് ആഞ്ഞടിക്കുന്ന എസിയല്ല). ഗട്ടറില്‍ വീണിട്ടും സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങിയിട്ടും അറിയുന്നില്ല. അകത്തിരുന്നാല്‍ ഏതോ വിദേശരാജ്യത്തു യാത്ര ചെയ്യുന്നപോലെ, അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍നിന്നു വിമാനം വരെ പോകുന്ന വണ്ടി പോലെ. പുറത്തു സെക്രട്ടേറിയറ്റും ജാഥ വിളിയും കോലംകത്തിക്കലും കാണുമ്പോഴാണ് 'ങേ.. ഇതു തിരുവനന്തപുരമല്ലേ എന്നു തോന്നുക.
പുതുതായി നിരത്തിലിറക്കിയ ലോ ഫ്ളോര്‍ എസി വോള്‍വോ ബസ് നഗരത്തിനു ുതിയ യാത്രാനുഭവം നല്‍കുകയാണ്. പൊരിവെയിലില്‍ പൊടിയടിച്ചു വിയര്‍പ്പുമണം നിറഞ്ഞ പഴഞ്ചന്‍ ബസുകളില്‍ വെന്തുരുകുന്നതിനു പകരം ഈ സുന്ദരന്‍ വോള്‍വോയിലെ കുളിരുള്ള യാത്ര നഗരം ഇഷ്ടപ്പെടുമെന്നു തീര്‍ച്ചയാണ്. (ഇത്തരത്തിലുള്ള 30 എസി ബസും 150 നോണ്‍ എസി ബസുമാണു തലസ്ഥാനത്തു ജവാഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ മിഷന്റെ ഫണ്ടിങ്ങോടെ എത്തുന്നത്.
ഇന്നലെ നിരത്തിലിറങ്ങിയത് ഇതിലെ ആദ്യ ഗഡുവായ എട്ടു ബസുകളാണ്).ഇന്നലെ നിരത്തിലിറങ്ങിയ എട്ടു വോള്‍വോ ബസുകളുടെയും കന്നിയാത്രയില്‍ മുഴുവനും കൌതുകക്കാഴ്ചകളായിരുന്നു. പാറ്റൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ ബൈക്കില്‍ സ്്പീഡിലെത്തി വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് ബസില്‍ ഒാടിക്കയറി. വോള്‍വോയെത്തേടി പത്തു പതിനഞ്ചുമിനിറ്റായി നഗരം ചുറ്റുകയായിരുന്നത്രേ ഇവര്‍.
മൊബൈല്‍ ഫോണില്‍ വോള്‍വോ യാത്രയുടെ ചിത്രങ്ങളെടുക്കാനാണു ചെറുപ്പക്കാര്‍ ഇന്നലെ മല്‍സരിച്ചത്. മുതിര്‍ന്നവര്‍ക്കു ടെക്നോളജി മനസ്സിലാക്കണം. എച്ച്ആര്‍ ട്രെയിനിങ് ലഭിച്ച ഡ്രൈവറും കണ്ടക്ടറും പുഞ്ചിരിയോടെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നു. ഇടയ്ക്കു മൈക്കില്‍ ചില അനൌണ്‍സ്മെന്റ്.
ആളുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വശങ്ങള്‍ താഴ്ത്തിക്കൊടുക്കുന്നതിന്റെ ലൈവ് ഡെമണ്‍സ്ട്രേഷന്‍. അകത്തു കയറിയാല്‍ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡില്‍ സ്ക്രോള്‍: കെഎസ്ആര്‍ടിസി വെല്‍കംസ് യു... പ്ളീസ് ഡിമാന്‍ഡ് ഫോര്‍ ടിക്കറ്റ്...
ഡ്രൈവര്‍ ബട്ടണമര്‍ത്തുമ്പോള്‍ തുറക്കുന്ന വാതിലുകളാണു വോള്‍വോയ്ക്കുള്ളത്. ഒരു വാതില്‍ നടുവിലും ഒരെണ്ണം മുന്നിലും. പിറകിലേതു കയറാനും മുന്നിലേത് ഇറങ്ങാനും. കൈ കുടുങ്ങുമെന്നു പേടിക്കേണ്ട.
രണ്ടു വാതിലിനും സെന്‍സറുണ്ട്. ബസിന്റെ മുന്നിലും വശത്തും റൂട്ട് വ്യക്തമാക്കിയിട്ടുള്ള ഇലക്ട്രോണിക് ഡിസ്പ്ളേയുണ്ട്. ബസിനകവും പിന്‍വശവും കാണാന്‍ പ്രത്യക മോണിറ്റര്‍. 'ഇന്നെനിക്ക് പൊട്ടുകുത്താന്‍... തുടങ്ങി അകത്തു സദാ പാട്ട്, എഫ്എം റേഡിയോയുടെ നോണ്‍സ്റ്റോപ് കൊഞ്ചല്‍.
ഒന്‍പതു നിരകളിലായി പല തട്ടിലായിട്ടാണു ബസില്‍ സീറ്റ്. മൊത്തം 42 സീറ്റുകള്‍. ഒാരോ വശത്തും ശരാശരി രണ്ടുവീതം സീറ്റുകള്‍. എട്ടു സീറ്റുകള്‍ മുഖാമുഖമാണ്.
നടുവില്‍ ഇഷ്ടംപോലെ സ്ഥലം. എയര്‍പോര്‍ട്ട് വണ്ടികളിലെന്നപോലെ പിടിക്കാന്‍ കമ്പികളില്‍ കളിപ്പാട്ടം പോലുള്ള ഹാങ്ങിങ് ഹാന്‍ഡില്‍. വികലാംഗര്‍ക്കു വീല്‍ചെയറില്‍നിന്ന് ഇറങ്ങാതെതന്നെ ബസില്‍ കയറാം. അവര്‍ക്ക് ഇരിക്കാന്‍ സീറ്റ്ബെല്‍റ്റുള്ള മൂന്നു സീറ്റ് പ്രത്യേകം.
അഞ്ചാള്‍ക്കു കയറാവുന്ന കാറില്‍ ഒറ്റയ്ക്കു ഡ്രൈവ് ചെയ്ത് ഒാഫിസില്‍ പോകുന്നവരെയും ഒാട്ടോക്കാര്‍ക്ക് അറക്കാനായി കഴുത്തു നീട്ടുന്നവരെയും പുതിയ കാലത്തിനനുസരിച്ചു യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചാണ് പുത്തന്‍ ലോ ഫ്ളോര്‍ എസി വോള്‍വോ. യാത്രാസുഖത്തില്‍ ഏത് ആഡംബര കാറിനുമൊപ്പം എത്തും വോള്‍വോ. നഗരത്തിലെ കുരുക്ക് അഴിയും.
ലോ ഫ്ളോര്‍ ബസിന്റെ ആദ്യദിനം തന്നെ വിജയമായിരുന്നുവെന്നു നടത്തിപ്പുകാരായ കെഎസ്ആര്‍ടിസി പറയുന്നു.
തിരുവനന്തപുരം: കോമള രൂപന്‍ ലോ ഫേ്‌ളാര്‍ ബസ് കിഴക്കേക്കോട്ട സ്റ്റാന്‍ഡിലെത്തി. ടെക്‌നോപാര്‍ക്കുവഴി കണിയാപുരത്തേക്കാണ് യാത്ര. ജനം ചുറ്റിനും കൂടി. കൂട്ടത്തില്‍ രണ്ടു 'കിടു' പയ്യന്‍മാര്‍ അടുത്തെത്തി ലോ ഫേ്‌ളാറിനെ തൊട്ടുനോക്കി. അതിലൊരുവന്‍: ''അളിയാ ആസ്‌ട്രേലിയയിലൊക്കെ ഈ ബസ്സാണ്. ഇനി നമുക്കും കേറാം.'' അപ്പോള്‍ അളിയന്‍:''ഡേയ് സായിപ്പിനൊക്കെ ഇതോടിക്കാം. ഇവിടെ എവന്‍മാര്‍ തട്ട് പൊളിക്കാതിരുന്നാ മതി.''. ലോ ഫേ്‌ളാര്‍ മുരണ്ടുതുടങ്ങി. 'ഷൂൂൂൂ...' ശബ്ദത്തോടെ ഓട്ടോമാറ്റിക് ഡോറുകള്‍ അര്‍ധവൃത്താകാരത്തില്‍ അകത്തോട്ട് തെന്നിമാറി. അളിയന്‍മാര്‍ രണ്ടുപേരും അകത്തു കയറി. ''അണ്ണാ... സ്റ്റാച്യൂ വരെ പോകാന്‍ എത്രയാകും'', ഒരുവന്‍ ചോദിച്ചു. പത്തുരൂപയെന്ന് കണ്ടക്ടറുടെ മറുപടി. വീണ്ടും അളിയന്‍ ''പത്തുരൂപയ്ക്ക് പരമാവധി എവിടെ വരെ പോകും?'' പാറ്റൂര്‍ വരെയെന്ന് കണ്ടക്ടര്‍. പാറ്റൂരെങ്കില്‍ പാറ്റൂര്. ഇരുവരും സീറ്റുപിടിച്ചു. എക്‌സിറ്റ് വാതിലിനടുത്ത് (തല്‍ക്കാലം അത് തുറക്കില്ല. ഒരടി പുറത്തോട്ട് പോകുമത്രെ...) ഒരുവന്‍ ഇരുപ്പുപിടിച്ചു. സൈഡിലോട്ടുള്ള സീറ്റാണ്. ബാക്ക് റെസ്റ്റ് മടക്കി വച്ചിരിക്കുന്നു. പയ്യന്‍സ് പിടിച്ചതും അത് മുകളിലോട്ട് കുതിച്ചു. ''സ്പ്രിങ് ആക്ഷനാണ്'' മറ്റേ സീറ്റില്‍ ഗമയിലിരുന്ന് ഒരു അപ്പൂപ്പന്‍ പറഞ്ഞു. അദ്ദേഹം ഇതിനകം തന്നെ ലോ ഫേ്‌ളാറിനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ബസ് നീങ്ങാന്‍ നേരം. ചാലയില്‍ നിന്ന് പച്ചക്കറി ലോഡ് കയറ്റിയ കവറുകളുമായി രണ്ടു ചേച്ചിമാരെത്തി. ''ഇതാണോ ആ പുതിയ വണ്ടി...?'' അതേയെന്ന് കണ്ടക്ടര്‍. അവര്‍ക്ക് ഈ വണ്ടിയില്‍ കയറിയേ പറ്റൂ. കണ്ടക്ടര്‍ പലതവണ റൂട്ട് പറഞ്ഞിട്ടും പിന്‍മാറുന്ന ലക്ഷണമില്ല. ഒടുവില്‍ പട്ടത്ത് പോകുന്നില്ലെന്ന് കടുത്തുപറഞ്ഞതും ഇരുവരും പിന്‍മാറി. പിന്നാലെ വന്ന ഹൈ ഫേ്‌ളാറിനെ ലക്ഷ്യമിട്ട് പാഞ്ഞു.
...............
ലോ ഫേ്‌ളാര്‍ അനങ്ങിത്തുടങ്ങി. നല്ല സുഖം. എല്ലായിടത്തുനിന്നും എ.സി. പ്രവഹിക്കുകയാണ്. ശബ്ദമേയില്ല. എല്ലാവരും സീറ്റുകളില്‍ മസിലുപിടിച്ച് ഇരുപ്പുറപ്പിച്ചു. ചിലര്‍ പതുക്കെ മൊബൈലെടുത്തു പിതുക്കിത്തുടങ്ങി. ''ഇങ്ങോട്ടു വിളിച്ചിരുന്നോ?... ഇല്ലേ?... നമ്പര് മാറിയതായിരിക്കും... പിന്നേ... ഞാനിപ്പോ അങ്ങോട്ട് വരേണ്.... ലോ ഫേ്‌ളാറിലാണ്... ഏസീടെ തണുപ്പുകാരണം ഇരിക്കാന്‍ വയ്യ... ശരി അവിടെ വന്നിട്ട് കാണാം...'' ഇമ്മട്ടില്‍ സംഭാഷണം പുരോഗമിക്കുന്നു. അടുത്ത സീറ്റില്‍ ടീഷര്‍ട്ടിട്ട ചേട്ടന് ഇതൊന്നും പിടിച്ച മട്ടില്ല. നമ്മളെത്ര ലോ-ഫേ്‌ളാര്‍ കണ്ടതാ എന്ന ഭാവം.
കോമള രൂപന്‍ ജനറല്‍ ആസ്പത്രി ജങ്ഷനിലെത്തി. ഷൂൂൂൂൂ ശബ്ദം. ഒരു ചേച്ചി ഓടിയെത്തി. കഴക്കൂട്ടം വരെ എത്രയാകും?... 30 രൂപയെന്ന് കണ്ടക്ടര്‍. ''ഒരിക്കേങ്കിലും ഇതിലൊന്ന് കേറാം...'' ചേച്ചി കയറി. അയ്യോ സീറ്റില്ലേ... ചേച്ചിയ്ക്ക് സംശയം. ''ദോ പുറകെയാണ്. പടിക്കെട്ട് കയറണം. മുകളിലെ ആന്‍ഡിലില്‍ പിടിച്ചോ'' ലോ-ഫേ്‌ളാര്‍ സംഘത്തിലേക്ക് അപ്പൂപ്പന്‍ ചേച്ചിയെ വെല്‍ക്കം ചെയ്തു. ലോ-ഫേ്‌ളാര്‍ ആധുനികനും ആഗോള പരിപ്രേഷ്യമുള്ളവനുമാകയാല്‍ ഇതില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റില്ല. ലോ-ഫേ്‌ളാറിന് ലിംഗ വിവേചനമില്ല. ചേച്ചി പടിക്കെട്ടുകള്‍ ചാടിക്കയറി പുറകില്‍ ഒരു ചേട്ടന്റെയടുത്ത് ഇരുപ്പുറപ്പിച്ചു. പാവം ഹൈ ഫ്‌ളോര്‍ സിറ്റിയിലാണെങ്കില്‍ എന്തായിരിക്കും പുകില്. .
.................
ഉച്ചസമയം താരതമ്യേന തിരക്ക് കുറവായതിനാല്‍ എ.സി.യുടെ തണുപ്പ് കൂടി വന്നു. ഉള്ളൂരിലെത്തിയതും അപ്പൂപ്പന്‍ ഇറങ്ങി. ബസ് കാത്തുനിന്നവരെ നോക്കി അഭിമാനത്തോടെ ചിരിച്ച് അദ്ദേഹം തിരക്കിലലിഞ്ഞു. ടിക്കറ്റ് നിരക്ക് ചോദിച്ചറിഞ്ഞ് മൂന്നുപേര്‍ സീറ്റുപിടിച്ചു. ''സാറെ ഞാന്‍ പാവമാണ്. ടിക്കറ്റില്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്ത് തരണം'' ഒരുവന്‍ പറഞ്ഞു. രസികനായ കണ്ടക്ടര്‍ ചിരിച്ചു. ലോ-ഫ്‌ളോര്‍ ടീം മുഴുവനും ചിരിച്ചു. അല്‍പ്പം കൂടി കഴിഞ്ഞതോടെ തണുപ്പ് കടുത്തു. ''ഒരു ചായ കൂടി കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു'', ഉള്ളൂര്‍കാരന്റെ ആവശ്യം. ടിക്കറ്റ് കാശ് കുറച്ചുതന്നില്ലെങ്കില്‍ പാട്ടിടണമെന്ന് അദ്ദേഹം തുടര്‍ ആവശ്യം ഉന്നയിച്ചു. ഡ്രൈവര്‍ സ്വിച്ച് തിരിച്ചു. എഫ്. എമ്മില്‍ നിന്ന് പാട്ടൊഴുകി...
.................
എന്‍.എച്ചിലൂടെ പോകുന്ന വണ്ടികളെല്ലാം ടെക്‌നോപാര്‍ക്കിനകത്ത് കടക്കണമെന്നാണ് നിയമം. ടെക്‌നോപാര്‍ക്കിന്റെ വാതിലില്‍ വണ്ടി നിന്നു. സെക്യൂരിറ്റിക്കാരന്‍ ലോ-ഫ്‌ളോറിനുള്ളില്‍ കടന്നു. ലോ-ഫ്‌ളോറുയാത്രക്കാര്‍ ടെക്‌നോപാര്‍ക്കിന് ബോംബുവയ്ക്കാതെ നോക്കുകയാണ് ടിയാന്റെ ലക്ഷ്യം. നിളയിലും തേജസ്വിനിയിലും ഐ.ടി പിള്ളേരുടെ ഫോട്ടോ സെഷന് വിധേയമായി ലോ-ഫ്‌ളോര്‍ ടെക്‌നോപാര്‍ക്ക് വിട്ടു. ഇനി കണിയാപുരത്തേയ്ക്ക്........
.................
കോവളം-കണിയാപുരം ആദ്യ ഷെഡ്യൂളില്‍ ലോ-ഫ്‌ളോര്‍ ആയിരം രൂപയിലധികം നേടിയതായി കണ്ടക്ടര്‍ പറഞ്ഞു. ''എല്ലാവരും ബസ്സ് കാണാന്‍ കേറിയതാണ്. അങ്ങോട്ട് പോയാലെ ഇത് ഓടുമോയെന്ന് അറിയാനാകൂ...'' കണ്ടക്ടര്‍ക്ക് ചെറിയ ആശങ്ക.
കൊച്ചിക്ക് അനുവദിച്ച ലോ ഫേ്‌ളാര്‍ ബസ്സുകള്‍ തിരുവനന്തപുരത്ത് ഓടും. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണിത്. ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്ന 15 എ.സി. ബസ്സുകളില്‍ എട്ടെണ്ണം തിരുവനന്തപുരത്തേക്കും ഏഴെണ്ണം എറണാകുളത്തേക്കുമായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എറണാകുളത്ത് ഈ ബസ്സുകള്‍ നിരത്തിലിറക്കാനാവില്ല. തുടര്‍ന്നാണ് ഇവകൂടി തിരുവനന്തപുരത്ത് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. അടുത്തഘട്ടത്തില്‍ ഇറക്കുന്ന 15 എ.സി. ബസ്സുകള്‍ എറണാകുളത്തിന് നല്‍കും.
വെള്ളിയാഴ്‌ച ആദ്യ എട്ടു ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി യുടെ പാപ്പനംകോട് സെന്‍ട്രല്‍ ഡിപ്പോയിലെത്തിച്ചു. രണ്ട് ദിവസത്തിനകം ഏഴു ബസ്സുകള്‍കൂടി തലസ്ഥാനത്തെത്തും. ഇവ എന്ന് നിരത്തിലിറക്കുമെന്ന് വ്യക്തമായിട്ടില്ല. രജിസ്‌ട്രേഷനും പെര്‍മിറ്റും കിട്ടിവരുമ്പോള്‍ രണ്ടാഴ്‌ചയെങ്കിലും സമയമെടുക്കും. പുതിയ കമ്പനി രൂപവത്‌കരണവും എങ്ങുമെത്തിയിട്ടില്ല. തല്‍ക്കാലം കെ.എസ്.ആര്‍.ടി.സി.ക്ക് തന്നെയാണ് ഇവയുടെ ചുമതല.
ആദ്യ എട്ടു ബസ്സുകള്‍ക്കായി രണ്ട് റൂട്ടുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കിഴക്കേക്കോട്ട-കോവളം- ടെക്‌നോപാര്‍ക്ക്-കണിയാപുരം റൂട്ടില്‍ നാല് ബസ്സുകളും വെള്ളയമ്പലം-റെയില്‍വേസ്റ്റേഷന്‍-കിഴക്കേക്കോട്ട എന്നിങ്ങനെ നഗരം ചുറ്റിവരുന്ന നാല് ബസ്സുകളുമാണ് ഇവ. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും കോര്‍പ്പറേഷനും ഏകദേശ തീരുമാനത്തിലെത്തി. അടുത്ത ഏഴു ബസ്സുകള്‍ക്കായി രണ്ട് റൂട്ടുകള്‍കൂടി പരിഗണനയിലുണ്ട്. വേളി അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണ് പരിഗണനയിലുള്ളത്. ആദ്യഘട്ടത്തിലെ പരീക്ഷണസര്‍വീസുകള്‍ക്ക് ശേഷമേസ്ഥിരമായ റൂട്ടുകള്‍ തീരുമാനിക്കുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.
ഗിയറില്ലാത്ത ഈ ബസ്സുകള്‍ പരമാവധി ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. ലോഫേ്‌ളാര്‍ വോള്‍വോ ബസ്സുകള്‍ക്ക് മിനിമം നിരക്ക് 10 രൂപയും നോണ്‍ എ.സി. ബസ്സുകള്‍ക്ക് അഞ്ച് രൂപയുമാക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി. നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വൈക്കം കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇവിടുത്തെ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം വളരെ മോശമാണ്. വേണ്ടത്ര വാഹനങ്ങള്‍ ഇല്ല. ഉള്ള വണ്ടികളില്‍ കയറുന്നതിനു മുന്‍പ് ആശുപത്രിയില്‍ പോയി കുത്തിവയ്പ് എടുക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. ദീര്‍ഘദൂര സര്‍വീസുകള്‍ ഇവിടെ ഇല്ല. മുന്‍പ് ഉണ്ടായിരുന്ന പല സര്‍വീസുകളും നിര്‍ത്തലാക്കി. പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. ഇന്നാള്‍ ഉണ്ടായ ഡിപ്പോയില്‍ പോലും വൈക്കത്തേക്കാള്‍ അധികം വണ്ടികളും സര്‍വീസുകളും ഉണ്ട്. ഇവിടുത്തെ ഡീസല്‍ പമ്പ് സ്റ്റേഷന്‍ പശുക്കള്‍ക്ക് കിടക്കാനുള്ള സ്ഥലമാണ്. പലപ്പോഴും ഡീസല്‍ തീര്‍ന്നതിനേത്തുടര്‍ന്നു ബസ് വഴിയില്‍ കിടന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്‍റെ ജവഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യുവല്‍ മിഷന്‍ (ജനറം) പദ്ധതിപ്രകാരം സംസ്ഥാനത്തിനു ലഭിക്കുന്ന ഹൈടെക് ലോ ഫ്ളോര്‍ ബസുകള്‍ ഓടിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിനു താത്കാലിക വിരാമം. അടുത്തമാസം ഓടിത്തുടങ്ങുമെന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. കൊച്ചിയില്‍ ഇതു സംബന്ധിച്ചു നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചു ബസുകളാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും. പദ്ധതിക്കു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസിക്കായിരിക്കും ആദ്യം നടത്തിപ്പുചുമതല. കെഎസ്ആര്‍ടിസി എംഡിയുടെ പേരില്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യും. എസ്പിവി രൂപീകരണശേഷം ബസുകള്‍ ആ കമ്പനിയുടെ അധീനതയിലാക്കും. കമ്പനിയുടെ രൂപവും സ്വഭാവവും പിന്നീടു തീരുമാനിക്കും. കൊച്ചിയില്‍ 170 ബസുകളും തലസ്ഥാനത്തു 150 ബസുകളുമാണു ജനറം പദ്ധതിപ്രകാരം എത്തുക. സിറ്റി ബസ് സര്‍വീസ് സംബന്ധിച്ചു കെഎസ്ആര്‍ടിസിയും കോര്‍പ്പറേഷനുകളും തമ്മില്‍ തര്‍ക്കമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. റൂട്ടുകളും മറ്റും കോര്‍പ്പറേഷനുകളുടെ സമ്മതത്തോടെയേ അന്തിമമായി തീരുമാനിക്കൂ. തര്‍ക്കമില്ലാത്ത റൂട്ടുകളില്‍ ആദ്യഘട്ടത്തില്‍ ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍, ജില്ലാ കലക്റ്റര്‍ ഡോ. എം. ബീന, തിരുവനന്തപുരം - കൊച്ചി കോര്‍പ്പറേഷനുകളിലെ സെക്രട്ടറിമാര്‍, ജനറം പ്രൊജക്റ്റ് മാനെജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വകാര്യ ബസുകള്‍ക്കു റൂട്ട് പെര്‍മിറ്റ് നല്‍കുന്നതിനു കെഎസ്ആര്‍ടിസി തടസം നില്‍ക്കുന്നതായി സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്തെ 31ലധികം റൂട്ടുകള്‍ ദേശസാത്കൃത പട്ടികയിലുള്ളതാണെന്ന് അവകാശപ്പെട്ടാണു കെഎസ്ആര്‍ടിസി തടസം ഉന്നയിക്കുന്നത്. ഇതുമൂലം ഗ്രാമപ്രദേശങ്ങളില്‍പ്പോലും സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് ലഭിക്കുന്നില്ലെന്നു ബസുടമകള്‍.
തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷമായി സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് അനുവദിക്കുന്നില്ല. അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിക്കപ്പെടുകയാണ്. ഗ്രാമീണമേഖലയില്‍ കെഎസ്ആര്‍ടി സി സര്‍വീസുകള്‍ കുറവാണ്. ഇതു മൂലം യാത്രാക്ലേശവും രൂക്ഷം. ഈ റൂട്ടുകളില്‍ സ്വകാര്യ ബസുടമകള്‍ സര്‍വീസ് നട ത്താന്‍ തയാറാണെങ്കിലും കെഎസ്ആര്‍ടിസി അധികൃതരുടെ എതിര്‍പ്പുമൂലം പെര്‍മിറ്റ് ലഭിക്കാറില്ല.
പാലക്കാട്-തൃശൂര്‍, തൃശൂര്‍-കൊടുങ്ങല്ലൂര്‍, കുന്നംകുളം-കൊടുങ്ങല്ലൂര്‍ റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കുന്നതിനാണു കെഎസ്ആര്‍ടിസി തടസം നില്‍ക്കുന്നത്. പ്രധാന പാതകളില്‍ നി ന്നു ഗ്രാമീണമേഖലകളിലെ ബൈ റൂട്ടുകളിലേയ്ക്കുള്ള അപേക്ഷകള്‍ പോലും അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.പാതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെടാന്‍ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്കു അനുമതി നല്‍കുകണമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാട്രഷറര്‍ ടി.വി. വര്‍ഗീസ്.
കെഎസ്ആര്‍ടിസി ബസുകളുടെ കോഴിക്കോട്ടെ പാര്‍ക്കിങ് ബീച്ച് ,മാനാഞ്ചിറക്കു സമീപം എന്നിവിടങ്ങളിലേക്കു മാറ്റി. ദീര്‍ഘദൂരബ സുകള്‍ കോഴിക്കോട് ബീച്ചി ലും മറ്റു ബസുകള്‍ പാവമണിറോഡ്, ടൗണ്‍ഹാള്‍, മാനാഞ്ചിറ എന്നിവിടങ്ങളിലെ പാതയോരങ്ങളിലാ ണു പാര്‍ക്ക് ചെയ്യുക. വയനാട് തുടങ്ങിയ ദീര്‍ഘദൂര ബ സുകള്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും താമരശേരി, അടിവാരം, തുടങ്ങിയ ഹ്രസ്വദൂരബസുകള്‍ സ്റ്റേഡിയം പരിസര ത്തു നിന്നും യാത്ര ആരംഭിക്കും. മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിര്‍മാണം നട ക്കുന്നതിന്‍റെ ഭാഗമായാണു ബ സുകളുടെ പാര്‍ക്കിങ് മാറ്റിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ ഉദയംപേരൂരിലും ചേര്‍ത്തലയിലും അപകടത്തില്‍പ്പെട്ടു, രണ്ടിടത്തും ഓരോരുത്തര്‍ മരിച്ചു. ഉദയംപേരൂര്‍ കൊച്ചുപള്ളിക്കു സമീപം അമിതവേഗത്തില്‍ വന്ന ബസ്, ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനു ഗുരുതര പരുക്ക്. പെരുമ്പളം പനമ്പുകാട് സുനിത്ത് (32) ആണു മരിച്ചത്. കൂടെ സഞ്ചരിച്ച പെരുമ്പളം പ്ലാക്കാട് അനീഷ് (25) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം.
സ്വകാര്യബസിനെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ടു ബൈക്കില്‍ ഇടിച്ചു വഴിയരികിലുണ്ടായിരുന്ന മരത്തില്‍ ഇടിച്ചതിനു ശേഷ മാണു നിന്നതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനിത്തിനെ രക്ഷിക്കാനായില്ല. ഭാര്യ ജ്യോത്സ്് ന. മാതാവ്: രമണി. മകന്‍: ഉണ്ണി.
ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയുടെ എയര്‍ ബസ് ഇടിച്ചു ബാങ്ക് മാനെജര്‍ മരിച്ചു. എസ്ബിഐ ചേര്‍ത്തല ശാഖ മാനെജര്‍ മുനിസിപ്പല്‍ 28ാം വാര്‍ഡില്‍ തൈപ്പറമ്പില്‍ വര്‍ഗീസ് (51) ആണു മരിച്ചത്. ഇന്നലെ രാവിലെ 11നു കെവിഎം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. വര്‍ഗീസിന്‍റെ സ്കൂട്ടറിനു പിന്നില്‍ ചേര്‍ത്തല- തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന എയര്‍ ബസ് ഇടിക്കുകയായിരുന്നു. കെവിഎം ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ആനിയമ്മ, മക്കള്‍: ടോണി, റോണി.
രാത്രികാല യാത്രാ നിരോധന ത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗളൂരു റൂട്ടിലെ ബസ് സമയം പുനഃക്രമീകരിച്ചു. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസ് സമയങ്ങള്‍ മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
നിരോധന സമയത്ത് അതിര്‍ത്തി വനമേഖലയില്‍ എത്താത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയും സ്വകാര്യ ദീര്‍ഘദൂര ബസുകളും സമയം പുതുക്കിയത്. ചില ബസുകള്‍ ഗോണിക്കുപ്പ-കുട്ട-ഹുന്‍സൂര്‍-മൈ സൂര്‍ വഴിയാക്കി. ഇവയുടെയും സമയക്രമത്തില്‍ മാറ്റം വരും.
കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പൊയില്‍നിന്നു രാത്രി ഒമ്പതിനു പുറപ്പെടുന്ന ബംഗളൂരു ബസ് 9.30നും, 9.30നു പുറപ്പെടേണ്ടത് 12 മണിക്കുമാക്കി. 10 നു പുറപ്പെടേണ്ട ബസ് 1.30ന്. 10.45ന്‍റേത് ഒരുമണിക്ക്.
രാത്രി എട്ടിനും 9.30നും പുറപ്പെടുന്ന ബസ് മാനന്തവാടി, കോണിക്കൂര്‍, മല്‍സൂര്‍, മൈസൂര്‍ വഴിയാണ് ബംഗളൂരുവിലേക്കു പോവുക. രാത്രി 11 നു പുറപ്പെടുന്ന മൈസൂര്‍ ബസ് 1.30നും 11.30ന്‍റെ ഫാസ്റ്റ് പാസഞ്ചര്‍ 12.30നും പുറപ്പെടും.
കെഎസ്ആര്‍ടിസി ബംഗളൂരുവില്‍നിന്നു രാത്രി 9.30നും 10.30 നും എറണാകുളത്തേക്ക് നടത്തിയിരുന്ന സര്‍വീസ് രാത്രി 11നു ശേഷമാക്കി. 10 മണിക്ക് കോഴിക്കോട്ടേക്കുള്ള സര്‍വീസും ഇങ്ങനെതന്നെ. എല്ലാ ബസുകളും 10-15 മിനിറ്റ് വ്യത്യാസത്തില്‍ ബംഗളൂരുവില്‍നിന്നു പുറപ്പെടും. നേരം പുലരുമ്പോഴേക്കും ഇവ ഒന്നൊന്നായി ബന്ദിപ്പൂരിലെത്തും.
ബംഗളുരുവില്‍നിന്ന് വൈകിട്ട് 6.30നുള്ള കോഴിക്കോട് ഡീലക്സും ഏഴിനുള്ള കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റും എട്ടിനുള്ള മലപ്പുറം സൂപ്പര്‍ ഫാസ്റ്റും മൈസൂര്‍-ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട വഴിയാക്കി.
വൈകിട്ട് ആറിന് ഗൂഡല്ലൂര്‍-നിലമ്പൂര്‍ വഴി പോയിരുന്ന കോട്ടയം ഡീലക്സ് ഇനി വൈകിട്ട് നാലിനാണു പുറപ്പെടുക. വൈകിട്ട് ഏഴിനു പുറപ്പെട്ടിരുന്ന ഗുരുവായൂര്‍ ഡീലക്സ് 4.15നു യാത്രതിരിക്കും. രാത്രി 8.30ന് പുറപ്പെട്ടിരുന്ന തൃശൂര്‍ ഡീലക്സ് രാത്രി 11നു ശേഷമാണ് പോവുക.
ഗതാഗത വിലക്ക് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ ഒമ്പതിന് ബംഗളൂരു റൂട്ടില്‍ വാഹനപണിമുടക്കിന് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
കട്ടപ്പന: ഇന്ധനം നിറയ്‌ക്കാന്‍ സൗകര്യം ഇല്ലാത്തത് മൂലം കട്ടപ്പന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ സര്‍വീസുകള്‍ നിലയ്‌ക്കുന്നു.
ഏറെ ലാഭകരമായി നടത്തിയിരുന്ന കട്ടപ്പന-കമ്പം അന്തര്‍ സംസ്‌ഥാന സര്‍വീസുകളെയാണ് ഇതു കൂടുതലായി ബാധിച്ചിട്ടുള്ളത്. ഡീസല്‍ ഇല്ലെന്ന ഒറ്റകാരണം കൊണ്ടുമാത്രം പലപ്പോഴും സര്‍വീസുകള്‍ മുടങ്ങുന്ന സ്‌ഥിതിയാണ് ഇപ്പോഴുള്ളത്. കട്ടപ്പന ഡിപ്പോയില്‍ പമ്പ് അനുവദിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.
സര്‍വീസിനിടെ മറ്റ് ഡിപ്പോകളില്‍ നിന്നാണ് കട്ടപ്പനയിലെ ബസുകള്‍ ഇന്ധനം നിറയ്‌ക്കുന്നത്. കട്ടപ്പന-കമ്പം സര്‍വീസുകള്‍ ഈ ആവശ്യത്തിനായി കുമളി ഡിപ്പോയെയാണ് ആശ്രയിക്കുന്നത്. ഈ റൂട്ടില്‍ മറ്റ് ഡിപ്പോകളില്ലാത്തതിനാല്‍ ഇവിടെ നിന്നു മാത്രമായി ഇന്ധനം നിറയ്‌ക്കല്‍ പരിമിതപ്പെടുത്തേണ്ടതായും വരുന്നു. ബസുകള്‍ എത്തുമ്പോള്‍ കുമളി ഡിപ്പോയില്‍ ഡീസല്‍ ഇല്ലാതെ വരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക് കാരണമായത്.
കേരള-തമിഴ്‌നാട് അന്തര്‍ സംസ്‌ഥാന കരാര്‍ അനുസരിച്ച് 260 കിലോമീറ്ററാണ് കട്ടപ്പന ഡിപ്പോയ്‌ക്ക് അനുവദിച്ചിട്ടുള്ളത്. രണ്ടു ബസുകള്‍ കൊണ്ട് പത്തു ട്രിപ്പുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച കളക്ഷനോടെ സര്‍വീസ് ലാഭത്തിലെത്തിയിരുന്നു. എന്നാല്‍ പമ്പില്ലാത്തതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങുന്നത് കട്ടപ്പനയില്‍ പതിവാണ്. പമ്പു തുടങ്ങാന്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല
കെ.എസ്.ആര്‍.ടി.സി. കട്ടപ്പന ഡിപ്പോയിലേക്ക് പുതിയ ബസുകള്‍ അനുവദിപ്പിക്കുന്നതില്‍ അധികൃതര്‍ ഉദാസീനത പുലര്‍ത്തുന്നതായി ആക്ഷേപം. സര്‍വീസുകള്‍ക്കായി പുതിയ ബസുകള്‍ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. മറ്റ് ഡിപ്പോകളില്‍ പുതിയ ബസുകള്‍ ലഭിക്കുന്നുണ്ടെങ്കിലും കട്ടപ്പനയില്‍ മാത്രം ബസുകള്‍ പാതിവഴിയില്‍ ഓടി കിതയ്‌ക്കുന്നവയാണ്. കാലപ്പഴക്കം ചെന്ന ബസുകളാണ് സര്‍വീസ് നടത്തുന്നവയില്‍ അധികവും.
മറ്റ് ഡിപ്പോകളില്‍ മാത്രം പുതിയ ബസുകള്‍ ലഭിക്കുന്നതും ഇവിടെ ലഭിക്കാത്തതും അധികൃതരുടെ അനാസ്‌ഥ മൂലമെന്ന ആക്ഷേപം ശക്‌തമാണ്. കട്ടപ്പനയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ദീര്‍ഘദൂര ട്രിപ്പുകളെ മനപ്പൂര്‍വം അവഗണിക്കുന്നതായും പരാതിയുണ്ട്. സര്‍വീസിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ ബസുകള്‍ അനുവദിക്കുന്നത് പ്രതിദിന കളക്ഷനെയും ബാധിക്കുന്നു. കട്ടപ്പന-തിരുവനന്തപുരം ഫാസ്‌റ്റ് പാസഞ്ചര്‍ സര്‍വീസാണ് ഇക്കാര്യത്തില്‍ ഏറെ അവഗണന പേറുന്നത്. പഴയ വണ്ടി നല്‍കുന്നതിനാല്‍ ട്രിപ്പ് പാതിവഴിയില്‍ മുടങ്ങുന്നത് പതിവാണ്.
സ്വകാര്യ ബസ് ലോബികളെ സഹായിക്കാനായി കട്ടപ്പന-ഇടുക്കി-എറണാകുളം റൂട്ടിനെ കെ.എസ്.ആര്‍.ടി.സി. അവഗണിക്കുന്നതായും ആരോപണമുണ്ട്. സ്വകാര്യ ബസുകളുടെ കുത്തകയായ ഈ റൂട്ടില്‍ നാമമാത്ര കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകളാണുള്ളത്. ഇവിടേയ്‌ക്ക് പുതിയ ബസുകള്‍ മനപ്പൂര്‍വം നല്‍കാതിരിക്കുന്നതും ഗൂഢ ലക്ഷ്യത്തോടെയാണെത്രേ. പുതിയ ബസ് ഓടിക്കുമ്പോള്‍ ഈ റൂട്ടിലെ ട്രിപ്പിന് പ്രതിദിനം 10,000 രൂപ കലക്ഷനാണ് ലഭിക്കുന്നത്. എന്നാല്‍ ഇതേ റൂട്ടില്‍ തന്നെ പഴയ ബസ് ഓടുമ്പോള്‍ 7,000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ച കട്ടപ്പന-പാലക്കാട്, ഗുരുവായൂര്‍, കോഴിക്കോട് സര്‍വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
കട്ടപ്പനയില്‍നിന്നും രാത്രി 10 ന് എറണാകുളത്തേയ്‌ക്ക് സര്‍വീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. വൈകിട്ട് 6.45 ന് സ്വകാര്യ ബസ് കഴിഞ്ഞാല്‍ കട്ടപ്പനയില്‍നിന്ന് രാത്രി 12.35 നാണ് ബസുള്ളത്. അഞ്ച് മണിക്കൂര്‍ നീണ്ട ഇടവേളയ്‌ക്കിടയില്‍ പുതിയ ട്രിപ്പ് തുടങ്ങാന്‍ തയ്യാറാകാത്തത് സ്വകാര്യ ബസ് ലോബികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്നും ആരോപണമുണ്ട്. --
കോഴിക്കോട്: നഷ്ടത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സി.യെ മെച്ചപ്പെട്ട നിലയിലേക്ക് വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് മുന്‍ഗതാഗതമന്ത്രി മാത്യു ടി.തോമസ് എം.എല്‍.എ. പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ലേബര്‍ യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലാഭകരമായ റൂട്ടുകളില്‍നിന്ന് പിന്‍മാറിയശേഷം കെ.എസ്.ആര്‍.ടി.സി. രക്ഷപ്പെടില്ല എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. കേരളത്തില്‍ ഗതാഗതരംഗത്ത് 87 ശതമാനവും സ്വകാര്യബസ്സുകളാണ്. 13 ശതമാനംമാത്രമേ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഉള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ 90 ശതമാനംവരെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്- മാത്യു ടി.തോമസ് പറഞ്ഞു.
യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി.ശാര്‍ങ്‌ധരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ദാസന്‍, എ.ഐ.ടി.യു.സി. നേതാവ് കെ.എം.കുട്ടികൃഷ്‌ണന്‍, തകിടി കൃഷ്‌ണന്‍നായര്‍, കെ.ലോഹ്യ എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ കെ.രാജന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നുനടന്ന സെമിനാറില്‍ എം.കെ.പ്രേംനാഥ് എം.എല്‍.എ., സിവിക് ചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംസാരിച്ചു. പി.ശാര്‍ങ്‌ധരന്‍നായര്‍ അധ്യക്ഷതവഹിച്ചു. ഇ.എസ്.ശശിധരന്‍ സ്വാഗതവും പി.എസ്.സുധീരന്‍ നന്ദിയും പറഞ്ഞു.
കട്ടപ്പന: കെ.എസ്.ആര്‍.ടി.സിയുടെ കട്ടപ്പന ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ദീര്‍ഘദൂര ബസുകള്‍ പാതിവഴിയില്‍ പണിമുടക്കുന്നത് പതിവാകുന്നു.
തിരുവനന്തപുരം പോലുള്ള റൂട്ടുകളില്‍ കാലപ്പഴക്കം ചെന്ന ബസുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നതാണ് പ്രശ്‌നമാകുന്നത്. കട്ടപ്പനയില്‍ നിന്ന് തൊടുപുഴ വഴി തിരുവനന്തപുരത്തിനുള്ള അവസാന ട്രിപ്പാണ് അവഗണനയുടെ തീരാച്ചുഴിയില്‍ അകപ്പെട്ട് കിതയ്‌ക്കുന്നത്.
പുതിയ മോഡല്‍ ബസുകള്‍ ഡിപ്പോയില്‍ കാത്തു കിടക്കുമ്പോഴാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പഴയ ബസ് നല്‍കുന്നത്. ബസ് അനുവദിക്കുന്ന കാര്യത്തില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാര്‍ മാനദണ്ഡമാക്കുന്നത് ജീവനക്കാരുടെ സ്വാധീനമാണത്രെ. ഷട്ടില്‍ ട്രിപ്പുകളില്‍ മോഡല്‍ കൂടിയ ബസ് നല്‍കുകയും സ്വാധീനമുള്ള ജീവനക്കാര്‍ക്ക് ഈ ബസുകളില്‍ ഡ്യൂട്ടി നല്‍കുന്നതും പതിവാണ്.
എം പാനല്‍ വ്യവസ്‌ഥയില്‍ ജോലി ചെയ്യുന്ന കണ്ടക്‌ടര്‍മാരെയും ഡ്രൈവര്‍മാരെയും ദീര്‍ഘദൂര റൂട്ടുകളില്‍ നിയമിച്ച ശേഷം ഇവര്‍ക്ക് പഴയ വണ്ടി നല്‍കുന്ന സമീപനമാണ് അടുത്തകാലത്ത് തുടരുന്നത്. കട്ടപ്പന-തൊടുപുഴ-തിരുവനന്തപു
രം റൂട്ടിലാണ് ഡിപ്പോയിലെ ഏറ്റവും പഴയ ബസ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം പാതിവഴിയില്‍ ഈ ട്രിപ്പ് മുടങ്ങുകയും ചെയ്‌തു. അവസാന സര്‍വീസ് ആയതിനാല്‍ യാത്രക്കാര്‍ പെരുവഴിയിലാകുകയായിരുന്നു. അവസാന ബസ് കാത്തുനിന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. 25,000 രൂപ കളക്ഷനുള്ള ബസാണിത്. സര്‍വീസ് തുടങ്ങിയ സമയത്ത് പുതിയ ബസാണ് ഈ റൂട്ടില്‍ ഓടിച്ചിരുന്നത്.
എന്നാല്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരുടെ ഇഷ്‌ടക്കാര്‍ക്ക് പുതിയ ബസ് നല്‍കുന്നതിനായി തിരുവനന്തപുരം സര്‍വീസിന് പഴയ ബസ് മാറ്റി നല്‍കുകയായിരുന്നു
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. സമയവും കാലവും നോക്കാതെയുള്ള ബസുകളുടെ ഷെഡ്യൂള്‍ ഓപ്പറേഷനുകളാണ് ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്.
പാലായില്‍നിന്നും പോകുന്ന ഓര്‍ഡിനറി ബസുകള്‍ കോട്ടയത്തുനിന്നും സമയം പാലിക്കാതെയാണു തിരികെ പോകുന്നത്. രാത്രി പത്തിനുശേഷം പാലായില്‍ തീരേണ്ട സര്‍വീസ് ഒന്‍പതരയ്‌ക്കുമുന്‍പേ എത്തുന്നു.
ഇതു ശ്രദ്ധിച്ചിരുന്ന ചില ഇന്‍സ്‌പെക്‌ടര്‍മാര്‍ സര്‍വീസില്‍നിന്നും വിരമിച്ചതാണു കാരണമെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു.
പാലായിലെത്തുന്ന മറ്റു ഡിപ്പോകളിലെ ബസുകളും കൃത്യത പാലിക്കാറില്ല. ഒരേസമയം നാല് ഈരാറ്റുപേട്ട ബസുകള്‍വരെ ഡിപ്പോയില്‍ എത്താറുണ്ട്.
കൊണ്ടാടുവഴി പോകുന്ന രാമപുരം സര്‍ക്കിള്‍ ബസ് പല ദിവസങ്ങളിലും ട്രിപ്പ് മുടക്കുന്നു. രാമപുരത്തുനിന്നും രാവിലെ 5.20 -ന് തുടങ്ങുന്ന ബസ് രാമപുരത്തുനിന്നും പാലായ്‌ക്കുള്ള ആദ്യ ബസാണ്. ഇത് മുടക്കുന്നത് ഈ സമയത്തോടടുത്ത് രാമപുരത്തുനിന്നും പാലായ്‌ക്കു പുറപ്പെടുന്ന സ്വകാര്യ ബസിനെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്.
കൂത്താട്ടുകുളം-പാലാ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പിറവം ഡിപ്പോയില്‍നിന്നും ബസുകളെത്തിയപ്പോള്‍ കഷ്‌ടത്തിലായത് ഒരു സ്വകാര്യ ബസ് മുതലാളിയായിരുന്നു. എന്നാല്‍ കാണേണ്ടവനെ കാണേണ്ടതുപോലെ കണ്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സമയം മാറി. ഇപ്പോള്‍ ഈ സ്വകാര്യ ബസ് മുതലാളിയുടെ ബസുകള്‍ക്കു പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ ബസുകളുടെ കളക്ഷനും കുറഞ്ഞു.
ഡിപ്പോയില്‍നിന്നുമുള്ള ചില സ്‌റ്റേ ബസുകള്‍ അപ്രതീക്ഷിതമായി കട്ടുചെയ്യുന്നു. നീലൂര്‍, ഏഴാച്ചേരി, രാമപുരം സര്‍ക്കിള്‍ ബസുകളാണ് ഇപ്രകാരം കട്ടു ചെയ്യുന്നത്. ഈ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ഇതുമൂലം വലയുകയാണ്. കളക്ഷന്‍ ഉണ്ടാക്കുന്ന കണ്ടക്‌ടറേയും ഡ്രൈവറേയും റൂട്ടുമാറ്റി വിടുന്നതും ഡിപ്പോയില്‍ പതിവാണെന്ന് ആരോപണമുണ്ട്.
വൈക്കം റൂട്ടില്‍ 10 മിനിറ്റ് മുന്‍പേ പാലാ ടൗണ്‍ മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ ബസ് പിടിക്കാമെന്നിരിക്കെ സ്വകാര്യ ബസുകളെ സഹായിക്കുവാന്‍ വൈക്കം റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൃത്യസമയത്തേ ഡിപ്പോയില്‍നിന്നും പോകാവൂവെന്നും നിര്‍ദേശമുണ്ടെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
ബസ് കുറവാണെങ്കില്‍ വൈക്കം ചെയിന്‍ സര്‍വീസ് തന്നെ കട്ടു ചെയ്യുന്നു. ഇതുമൂലം ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് സമയനഷ്‌ടം ഉണ്ടാകുന്നു. അടിയന്തരമായി യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിറചിരിയോടെ മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി മാത്യു ടി. തോമസ് 'മന്ത്രിപ്പണി'യോടു വിട പറഞ്ഞു. എല്ലാവരോടും തിരക്കിട്ടു വിടപറഞ്ഞ് അദ്ദേഹം സ്വന്തം നാടായ തിരുവല്ലയിലേക്കു പോയി. ഇന്നലെ രാവിലെ എട്ടരയോടെ മാത്യു കുടുംബസമേതം മന്ത്രി എം.എ. ബേബിയുടെ വസതിയിലെത്തി വിഭവസമൃദ്ധമായ പ്രാതല്‍ കഴിച്ചു. 'മുന്‍മന്ത്രി'ക്കു കരിമീന്‍ വിളമ്പുമ്പോള്‍ ബേബിയുടെ ഭാര്യ ബെറ്റി ഓര്‍മിപ്പിച്ചു: കരിമീന്‍ തലേന്നത്തേതാണ്.., അതിനെന്താ എന്നായി അതിഥികള്‍.
അപ്പോഴേക്കു മന്ത്രിമാരായ ബിനോയ് വിശ്വവും എ.കെ. ബാലനും എത്തി. പത്തുമണിയോടെ ബേബിയുടെ വീട്ടില്‍നിന്ന് ഇറങ്ങിയ മാത്യുവിനെ മാധ്യമങ്ങള്‍ വളഞ്ഞു. തുടര്‍ന്ന് ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്‌ത് ഔദ്യോഗിക വസതിയിലേക്ക്.
രാജിവച്ചാല്‍ 15 ദിവസംകൂടി മന്ത്രിക്ക് ഔദ്യോഗികവസതി ഉപയോഗിക്കാം. മകള്‍ക്കു പരീക്ഷയാണ്. അതു കഴിഞ്ഞാല്‍ മടങ്ങും- മാത്യു വിശദീകരിച്ചു. വീട്ടില്‍നിന്നു സെക്രട്ടേറിയറ്റിലേക്കു തിരിച്ച മാത്യുവിനോടു മക്കളുടെ ചോദ്യം- അപ്പനെന്തിനാ വീണ്ടും ഓഫീസില്‍ പോകുന്നത്? മറുപടി ചിരിയിലൊതുക്കി അദ്ദേഹം വാഹനത്തില്‍ കയറി. രാജിവച്ച മന്ത്രി പിറ്റേന്നു രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥര്‍ പരുങ്ങി.
ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും കെ.എസ്.ആര്‍.ടി.സി: എം.ഡി. സെന്‍കുമാറുമടക്കം ഉദ്യോഗസ്‌ഥരുടെ വന്‍നിര രാജിവച്ച മന്ത്രിയെ കാണാനെത്തിയിരുന്നു. മുഖം കറുത്തു വല്ലതും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മനസില്‍ വയ്‌ക്കരുതെന്നായിരുന്നു മാത്യുവിന്റെ വിടവാങ്ങല്‍ അഭ്യര്‍ഥന. ഒരിക്കലും മുഖം കറുപ്പിക്കാത്ത മന്ത്രിയാണു പടിയിറങ്ങുന്നതെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ പ്രതികരണം.
ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങി നിറചിരിയോടെ മാധ്യമങ്ങളെ നേരിട്ടു. മന്ത്രിസ്‌ഥാനത്തേക്കു മടങ്ങുമോ എന്ന ചോദ്യത്തിന് അസംഭവ്യതകളുടെ കലയാണു രാഷ്‌ട്രീയം എന്നായിരുന്നു മറുപടി.
നാട്ടിലേക്കു മടങ്ങുന്നത് കെ.എസ.്‌ആര്‍.ടി.സി. ബസിലായിരിക്കണം എന്നു ചിലര്‍ അഭ്യര്‍ഥിച്ചു. നന്നായി ഉറങ്ങി യാത്ര ചെയ്യാന്‍ ട്രെയിനാണ് നല്ലതെന്നായിരുന്നു മറുപടി. വീട്ടിലെത്തി ഉച്ചമയക്കത്തിനു ശേഷം രണ്ടരയോടെ മദ്രാസ് മെയിലിലെ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്‌ക്കു തിരുവല്ലയിലേക്ക്.
കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ പരിപാടിയുള്ളതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി. ചെയിന്‍ സര്‍വീസിന് കണക്ഷന്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ഇത്തവണ നിരത്തിലിറങ്ങുന്ന 1000 ബസുകളില്‍ കൂടുതലും ചെയിന്‍ സര്‍വീസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ - നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റൂട്ടില്‍ ആറും, പെരിന്തല്‍മണ്ണ - മുതുകുര്‍ശി റൂട്ടില്‍ അഞ്ചും, താമരശ്ശേരി മഞ്ചേരി വഴി കൊയിലാണ്ടി - പെരിന്തല്‍മണ്ണ റൂട്ടില്‍ പത്തും ചെയിന്‍ സര്‍വീസുകള്‍ പുതിയതായി ആരംഭിക്കും.
നീലേശ്വരം: കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയിലെ പടന്നക്കാട്, പള്ളിക്കര മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കുക, നീലേശ്വരത്തുനിന്ന് കിഴക്കന്‍ മലയോര മേഖലയിലേക്ക് രാത്രിയില്‍ ബസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.സുരേഷ് ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് ഡോ. എ.വി.വേണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍.ബാലകൃഷ്‌ണന്‍, സെക്രട്ടറി കെ.ശ്രീധരന്‍, സി.ദേവരാജന്‍, ഡോ. രന്‍ജിത്ത്, ഡോ. കെ.രാജീവന്‍, കെ.മോഹനന്‍, പി.പി.നാരായണന്‍, എം.സി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി.പ്രകാശന്‍ സ്വാഗതം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ആഗോളീകരണവും എന്ന വിഷയത്തില്‍ നീലേശ്വരം ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍ ഉദ്‌ഘാടനംചെയ്‌തു. സി.സുരേഷ് വിഷയം അവതരിപ്പിച്ചു. വി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. .
കൊട്ടാരക്കര: സംസ്ഥാനത്തെ ഏറ്റവും വിശാലമായ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ ഒന്നായിരുന്ന കൊട്ടാരക്കര സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്നു. രാത്രിയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് റോഡരുകില്‍.
ഡിപ്പോയിലും ഗാരേജിലുമായി അടുത്തിടെ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് സ്ഥലം അപഹരിച്ചത്. എന്നാല്‍ ഇതിന് ആനുപാതികമായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയും ഉണ്ടായില്ല. ഡിപ്പോയുടെ പടിഞ്ഞാറു ഭാഗത്തായി നിര്‍മ്മിച്ച ആധുനിക ശൗചാലയവും വണ്‍വേ റോഡും കുറെ സ്ഥലം നഷ്ടമാക്കി. ഇതിനുശേഷമാണ് വടക്കുകിഴക്കു ഭാഗത്തായി എം.പി. ഫണ്ട് ഉപയോഗിച്ചുള്ള ബസ് ഷെഡിന്റെയും വിശ്രമകേന്ദ്രത്തിന്റെയും നിര്‍മ്മാണം തുടങ്ങിയത്. ഇത് അന്തിമഘട്ടത്തിലാണ്. മൂന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ സ്ഥലക്കുറവാണ് ഗാരേജിലും സംഭവിച്ചത്.
കെ.എസ്.ആര്‍.ടി.സി.യുടെ വാണിജ്യസമുച്ചയം നിര്‍മ്മിക്കുന്നതിനായി ഗാരേജിന്റെ പ്രധാനകെട്ടിടം തന്നെ പൊളിച്ചുമാറ്റി. ഇതിനുപകരം ഗാരേജിനുള്ളില്‍ തന്നെ എം.എല്‍.എ. ഫണ്ടുപയോഗിച്ച് പുതിയ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിക്കുകയും ചെയ്‌തു. ഇതുമൂലം കുറെ ബസുകള്‍ കയറ്റി ഇടാനുള്ള സൗകര്യം ഇല്ലാതായി.
നൂറ്റിപ്പത്ത് ഷെഡ്യൂളുകള്‍ ഉള്ള കൊട്ടാരക്കരയില്‍ നൂറ്റിഇരുപതോളം ബസുകളാണുള്ളത്. ഡിപ്പോയിലെ സ്ഥലപരിമിതിമൂലം മുപ്പതോളം ബസുകള്‍ രാത്രിയില്‍ ദേശീയപാത 208-ന്റെ ഓരത്താണ് നിര്‍ത്തിയിടുന്നത്.
യാത്രക്കാര്‍ ബസുകാത്തുനില്‍ക്കുന്നതിന് മുന്നിലായി ബസുകള്‍ തലങ്ങും വിലങ്ങും ഇടുന്നു. ഇവയെ മറികടന്ന് യാത്രക്കാര്‍ പോകുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു.
ഡിപ്പോയുടെ സ്ഥലപരിമിതി ഒഴിവാക്കാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അടുത്തിടെ കൊട്ടാരക്കരയില്‍ എത്തിയ നിയമസഭാ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂലനിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
This site/Blog is written in Malayalam. To read this blog u need to install Anjali Old Lipi.
Here I listed some common Malayalam Fonts. You can download that fonts from the given links.
AnjaliOldLipi (AnjaliOldLipi-0.720.ttf) Source: Free download from the Varamozhi Editor site. Stats: Version 0.720 2004 has 529 glyphs and 15 kerning pairs Support: Malayalam, Latin OpenType Layout Tables: Malayalam (traditional)
വൈക്കം: സമീപകാലത്ത് വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് ആരംഭിച്ച വൈക്കം-തൊടുപുഴ ചെയിന്‍സര്‍വ്വീസ് തകര്‍ക്കാന്‍ സ്വകാര്യബസ്സുടമകള്‍ ശ്രമിക്കുന്നതായി വൈക്കം ഡിപ്പോയിലെ ജീവനക്കാരുടെ വിവിധ സംഘടനകള്‍ ആരോപിച്ചു.
ചെയിന്‍ ബസ്സുകളുടെ മുന്നിലും പിന്നിലും യാതൊരു മാനദണ്ഡവും പാലിക്കാതെ, പെര്‍മിറ്റുപോലുമില്ലാത്ത ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതായി നേതാക്കള്‍ പറഞ്ഞു.
വൈക്കം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആഴ്‌ചകള്‍ക്കുമുമ്പാണ് റൂട്ടില്‍ ചെയിന്‍സര്‍വ്വീസ് ആരംഭിച്ചത്. ചില കെ.എസ്.ആര്‍.ടി.സി., പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചെയിന്‍സര്‍വ്വീസിനെ അട്ടിമറിക്കാനുള്ള ശ്രമമെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. വൈക്കം-പാലാ ചെയിന്‍ സര്‍വ്വീസിനെതിരെയുള്ള സ്വകാര്യബസ് ലോബികളുടെ ശ്രമം തുടരുകയാണ്.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കുന്നതിന് സ്വകാര്യബസ്സുടമകളില്‍നിന്നുണ്ടാകുന്ന സംഘടിത നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.വിനോദ് (സി.ഐ.ടി.യു.), പി.കെ.ജിനചന്ദ്രന്‍ (എ.ഐ.ടി.യു.സി.), വി.എസ്.ഷാജി (ഐ.എന്‍.ടി.യു.സി.) എന്നിവര്‍ ആവശ്യപ്പെട്ടു.
ഫോണ്‍ - 0490- 2343333 റിസര്‍വേഷന്‍ ടൈം - രാവിലെ 9 മണി മുതല്‍ 5 മണിവരെ
ദിവസേന 39 ബസ്സുകളാണ് ഡിപ്പോയുടെ കീഴില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്നത്, ദീര്‍ഘദൂര ബസ്സ് സര്‍വ്വീസിനുപുറമെ 9 മലബാര്‍ ടൗണ്‍ ടൂ ടൗണ്‍ ബസ്സുകളും , തോട്ടില്‍പ്പാലം, വിളക്കോട്ടുര്‍, വളയം, വിലങ്ങാട്, പടന്നക്കര, ഇരിട്ടി, അഴീക്കല്‍, കായലോട്-മമ്പറം, കാടച്ചിറ, നാദാപുരം, തുടങ്ങിയ ഹസ്വദൂര സര്‍വ്വീസുകളും നടന്നുവരികയാണ്. ബാംഗ്ലൂര്‍ ബസ്സ് സര്‍വ്വീസിന് മുന്‍കൂട്ടി റിസര്‍വ്വേഷന്‍ സൗകര്യം ഉണ്ട്.
പുതിയ സര്‍വ്വീസ്സുകള്‍
മെയ് 1 മുതല്‍ ഇരിട്ടി-കുത്തുപറമ്പ്-പാനൂര്‍-മേക്കുന്ന്-മോന്താല്‍-കുഞ്ഞിപ്പള്ളി വഴി കോഴിക്കോട്ടും,തലശ്ശേരി-പൊന്ന്യം പാലം-പാനൂര്‍-ചെറുവാഞ്ചേരി റൂട്ടിലും,ഇരിട്ടി-ചെടിക്കളം-പായം റുട്ടിലും പുതുതായി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ്സ് തലശ്ശേരി മുനിസിപ്പാല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന സമയം
തലശ്ശേരി - തിരുവനന്തപുരം
വൈകുന്നേരം 4-15 തലശ്ശേരി, 5-50 കോഴിക്കോട്, 9-30 തൃശ്ശുര്‍, 12-05 ഏറണാകുളം, 1-40 ആലപ്പുഴ, 3-35 കൊല്ലം, രാവിലെ 5-20 തിരുവനന്തപുരം
തലശ്ശേരി - ബാംഗ്ലൂര്‍
രാത്രി 9 മണി തലശ്ശേരി, ഇരിട്ടി-വിരാജ് പേട്ട- മൈസൂര്‍- രാവിലെ 6 മണിക്ക് ബംഗ്ലൂര്
തലശ്ശേരി- മൈസൂര്‍
രാവിലെ 7 മണി തലശ്ശേരി, തൊട്ടില്പ്പാലം-മാനന്തവാടി - എച്ച്.ഡി.കോട്ട-മൈസൂര്‍
തലശ്ശേരി-ഊട്ടി
രാവിലെ 8-15 ന് തലശ്ശേരി,11 മാനന്തവാടി, 12-30 ബത്തേരി, വൈകുന്നേരം 4 മണി ഊട്ടി
തലശ്ശേരി-മരയ്ക്കാറ
വൈകുന്നേരം 4-30 തലശ്ശേരി,7-10 വിരാജ് പേട്ട, 8-50 മരയ്ക്കാറ
തലശ്ശേരി - മാനന്തവാടി
രാവിലെ 6 മണി തലശ്ശേരി, 8-40 മാനന്തവാടി, ഉച്ചയ്ക്ക് 2 മണി തലശ്ശേരി, 4-40 മാനന്തവാടി
തലശ്ശേരി- മംഗലാപുരം
രാവിലെ 7-30 തലശ്ശേരി, 8-10 കണ്ണൂര്‍, 11-15 കാസര്കോഡ്, 12-50 മംഗലാപുരം, രാവിലെ 8-05 തലശ്ശേരി,8-40 കണ്ണൂര്‍, 11-45 കാസര്കോഡ്, 1-05 മംഗലാപുരം
തലശ്ശേരിയില്‍ എത്തുന്ന സമയം
തിരുവനന്തപുരം - തലശ്ശേരി
വൈകുന്നേരം 4-30 തിരുവനന്തപുരം, 6-10 കൊല്ലം, 8-05 ആലപ്പുഴ, 9-30 ഏറണാകുളം, 11-50 തൃശ്ശുര്‍, 3-25 കോഴിക്കോട്, രാവിലെ 5 മണി തലശ്ശേരി
മൈസൂര്‍-തലശ്ശേരി
ഉച്ചയ്ക്ക് 2 മണി മൈസുര്‍-4-55 മാനന്തവാടി- രാത്രി 7-30 തലശ്ശേരി
മരയ്ക്കാറ-തലശ്ശേരി
രാവിലെ 5-30 മരയ്ക്കാറ, 7 വിരാജ് പേട്ട, 9-40 തലശ്ശേരി
മാനന്തവാടി- തലശ്ശേരി
10-30 മാനന്തവാടി, 1-10 തലശ്ശേരി 5-30 മാനന്തവാടി, 8-10 തലശ്ശേരി
ഊട്ടി-തലശ്ശേരി
രാത്രി 8 മണി ഊട്ടി, 11 മണി ബത്തേരി, 12-50 മാനന്തവാടി, 4-20 തലശ്ശേരി
മംഗലാപുരം-തലശ്ശേരി
1-40 മംഗലാപുരം, 2-50 കാസര്കോഡ്, 5-45 കണ്ണൂര്‍, 6-40 തലശ്ശേരി 2-10 മംഗലാപുരം, 3-20 കാസര്കോഡ്, 6-15 കണ്ണുര്‍,7 മണി തലശ്ശേരി
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സംസ്ഥാനത്തെ 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ 435.06 കോടി രൂപയുടെ നഷ്‌ടത്തില്‍. 192.38 കോടി രൂപ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയാണ് ഒന്നാമത്. 2007-08ലെ ബ്യൂറോ പബ്ലിക് എന്റര്‍പ്രൈസസിന്റെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണിത്. 2005-06 മുതല്‍ 2007-08 വരെയുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 119.44 കോടിയുടെ പ്രവര്‍ത്തന നഷ്‌ടവുമായി കേരള വാട്ടര്‍ അതോറിട്ടി തൊട്ടുപിന്നിലുണ്ട്. ഹൗസിംഗ് ബോര്‍ഡ്-50.47 കോടി, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍-9.55 കോടി, കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍-9.10 കോടി, റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍-7.36 കോടി, ഹാന്റ്‌ലൂം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍-4.99 കോടി, ഡ്രഗ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്-4.07 കോടി എന്നീ കമ്പനികളാണ് ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ളത്. ഇതിനുപുറമെ ഒരുകോടിയില്‍ താഴെ പ്രവര്‍ത്തന നഷ്‌ടമുള്ള 15 കമ്പനികളുമുണ്ട്. 2006-07ല്‍ ലാഭത്തില്‍ നാല് കമ്പനികളും ഇക്കുറി നഷ്‌ടപ്പട്ടികയില്‍ വീണിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയും വാട്ടര്‍ അതോറിട്ടിയുമാണ് നഷ്‌ടത്തിന്റെ 71.67 ശതമാനവും പേറുന്നത്. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തിലാണ് ഈ സ്ഥാപനങ്ങളുടെ നഷ്‌ടക്കണക്കുകള്‍ പോകുന്നത്. ശമ്പളപരിഷ്‌കരണം കൂടി നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തും. സംസ്ഥാനത്ത് ആകെയുള്ള 105 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 16 എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം സ്‌തംഭിക്കുകയോ ചെയ്‌തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഡിറ്റര്‍ജന്‍സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ്, സോപ്പ്‌സ് ഓയില്‍ ലിമിറ്റഡ്, കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ് ലിമിറ്റഡ്, അസ്‌ട്രാല്‍ വാച്ചസ് ലിമിറ്റഡ്, വുഡ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നു കൊല്ലമായി യാതൊരു പ്രവര്‍ത്തനവുമില്ല. കേരള കണ്‍സ്‌ട്രസക്‌ഷന്‍ കമ്പോണന്‍സ് ലിമിറ്റഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ എന്നിവ അടച്ചുപൂട്ടാനുള്ള നടപടികള്‍ നടക്കുകയാണ്. സ്‌കൂട്ടേഴ്‌സ് കേരള ലിമിറ്റഡിനെ കേപ്പ് ഏറ്റെടുത്തു. സാലിസിലേറ്റ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡിന്റെ 25 ഏക്കര്‍ ഭൂമി ടെലികോം സിറ്റി സ്ഥാപിക്കാന്‍ സിഡ്‌കോക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ കൗണ്ടേഴ്‌സിനെ കെല്‍ട്രോണ്‍ ഏറ്റെടുത്തു. ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ് ലിമിറ്റഡ്‌സ്, ട്രിവാന്‍ഡ്രം സ്‌പിന്നിംഗ് മില്‍, ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്‌ട്രിസ്, റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രവര്‍ത്തന രഹിതമായ മറ്റു സ്ഥാപനങ്ങള്‍. സംസ്ഥാനത്തെ 54 പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്‌ടവും 5222.73 കോടിയായി വര്‍ധിച്ചു. കെ.എസ്.ആര്‍.ടി.സിയാണ് ഈ വിഭാഗത്തിലും മുമ്പില്‍. 1876.23 കോടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ സഞ്ചിതനഷ്‌ടം. 591.23 കോടിയുടെ നഷ്‌ടവുമായി സപ്ലൈകോയും, 575.44 കോടിയുടെ നഷ്‌ടവുമായി കശുവണ്ടി വികസന കോര്‍പ്പറേഷനും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ കാലയളവില്‍ സംസ്ഥാനത്ത് 54 സ്ഥാപനങ്ങള്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചു.
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി.യുടെ 59 ബസ് സ്റ്റേഷനുകളില്‍ മിച്ചമുള്ള സ്ഥലത്ത് വ്യാപാര സമുച്ചയങ്ങള്‍ പണിത് ടിക്കറ്റിതര വരുമാനം കൂട്ടി കോര്‍പ്പറേഷനെ സ്വയം പര്യാപ്‌തമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 52 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കോഴിക്കോട് 'കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സി'ന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 30 കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളില്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിയും. നാലുലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള രണ്ട് വമ്പന്‍ ടവറുകളാണ് കോഴിക്കോട്ട് നിര്‍ിമിക്കുക. 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും അടങ്ങുന്ന പടുകൂറ്റന്‍ കെട്ടിടസമുച്ചയം കെ.ടി.ഡി.എഫ്.സി.യാണ് നിര്‍മിക്കുന്നത്. ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഒന്നരവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. മൊത്തം വരുമാനത്തില്‍ ചെലവ് കഴിച്ച് ബാക്കി കിട്ടുന്ന പണത്തിന്റെ പകുതിവീതം കെ.എസ്.ആര്‍.ടി.സി.ക്ക് കെ.ടി.ഡി.എഫ്.സി. കൈമാറും- മുഖ്യമന്ത്രി പറഞ്ഞു.
മലബാര്‍ മേഖലയോടുള്ള അവഗണന മാറ്റാന്‍ സര്‍ക്കാര്‍ ബജറ്റില്‍ 1500 കോടി രൂപയുടെ മലബാര്‍ പാക്കേജ് പ്രഖ്യാപിച്ചു. 274 കോടി രൂപ ചെലവില്‍ 98 പാലങ്ങള്‍, 151 കോടി ചെലവില്‍ 108 കെട്ടിടങ്ങള്‍, 344 കോടിക്ക് 205 റോഡുകള്‍ എന്നിവ പുതുതായി മലബാറിന് അനുവദിച്ചു. ഉത്തരകേരളത്തിലെ ഐ.ടി. പാര്‍ക്കുകളുടെ നടത്തിപ്പിനായി കോഴിക്കോട്ട് സൈബര്‍ പാര്‍ക്ക് ആരംഭിക്കും. എഴുപതേക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പാര്‍ക്കില്‍ ആയിരക്കണക്കിന് ഐ.ടി. പ്രൊഫഷനലുകള്‍ക്ക് ജോലി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗതാഗതമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിമാസ വരുമാനം എല്‍.ഡി.എഫ്. സര്‍ക്കാര്‍ വരുമ്പോള്‍ 65 കോടിയായിരുന്നത് ഇപ്പോള്‍ 100 കോടിയായി ഉയര്‍ന്നത് ജീവനക്കാരുടെ സഹകരണം കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ പുതിയ ബസ്സുകള്‍ നിരത്തിലിറക്കി. അയ്യായിരത്തോളം പേര്‍ക്ക് പി.എസ്.സി.വഴി നിയമനം നല്‌കി- മന്ത്രി പറഞ്ഞു.
കോഴിക്കോടിന്റെ സ്വപ്‌നസാക്ഷാത്‌കാരമാണ് കെ.എസ്.ആര്‍.ടി.സി. മാവൂര്‍ റോഡില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയമെന്നും ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
മേയര്‍ എം. ഭാസ്‌കരന്‍ മുഖ്യാതിഥിയായിരുന്നു. ബി.ഒ.ടി. പ്രോജക്ടിന്റെ റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി. എം.ഡി., ടി.പി. സെന്‍കുമാറും ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ റിപ്പോര്‍ട്ട് കെ.ടി.ഡി.എഫ്.സി. എം.ഡി. ഡോ. ജേക്കബ് തോമസും അവതരിപ്പിച്ചു. എം.എല്‍.എ.മാരായ പി.എം.എ. സലാം, എ.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മത്‌കുട്ടി, വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫ്, കൗണ്‍സിലര്‍ പി. ദിവാകരന്‍, രാഷ്ട്രീയ നേതാക്കളായ ടി.പി. രാമകൃഷ്‌ണന്‍, കെ.സി. അബു, ടി.വി. ബാലന്‍, എന്‍.സി. മോയിന്‍കുട്ടി, എന്‍.സി. അബൂബക്കര്‍, കെ. സാദിരിക്കോയ, വി.സി. ചാണ്ടിമാസ്റ്റര്‍, പി.എ. ജയപ്രകാശ്, കെ.പി. രാജന്‍, അഡ്വ. യു.ടി. രാജന്‍, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍മാരായ പി. കോരന്‍ മാസ്റ്റര്‍, പി.എ. മുഹമ്മദ്, പ്രൊഫ. എബ്രഹാം പി. മാത്യു, യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍, എം.എ. പ്രഭാകരന്‍ നായര്‍, മലബാര്‍ ചേംബര്‍ പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കാലിക്കറ്റ് ചേംബര്‍ സെക്രട്ടറി ഡോ. എ.എം. ഷെറീഫ് എന്നിവര്‍ സംസാരിച്ചു.
ഓര്‍ഡിനറി ബസില്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 75% സൗജന്യത്തോടെ യാത്രചെയ്യാം. ഇതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി അപേക്ഷിക്കണം.
എം. പി, എം. എല്‍. എ, എക്സ് എം. എല്‍. എ, മുന്‍ മന്ത്രിമാര്‍, 50% മുകളില്‍ അന്ധത ഉള്ളവര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് യാത്രാസൗജന്യം ലഭിക്കുന്നു.
സ്ത്രീകള്‍ക്ക് ഓര്‍ഡിനറി / ഹ്രസ്വദൂര ഫാസ്റ്റ്, പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്സ്, സൂപ്പര്‍ എക്സ്പ്രസ്സ് തുടങ്ങി എല്ലാ സര്‍വ്വീസുകളിലും 30% സീറ്റ് സംവരണമുണ്ട്.
കുട്ടികള്‍ക്ക് 5 വയസ്സുവരെ യാത്രാക്കൂലി സൗജന്യമാണ്. 5-10 വയസ്സുവരെ യാത്രാക്കൂലി 50% ഇളവ് ലഭിക്കും. ദേശസാല്‍കൃത റൂട്ടുകളില്‍ ലേഡീസ് ഓണ്‍ലി ട്രിപ്പുകളും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കെ. എസ്. ആര്‍. ടി. സി. സ്റ്റുഡന്റ്സ് ഓണ്‍ലി ട്രിപ്പുകളും സംഘടിപ്പിക്കാറുണ്ട്.
ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ രാത്രി 10 മണി കഴിഞ്ഞാല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം. എന്നാല്‍ സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്സ്, സൂപ്പര്‍ എക്സ്പ്രസ്സ് ബസുകളില്‍ ഈ സൗകര്യം ലഭ്യമല്ല.
റിസര്‍വേഷന്‍
ദൂരയാത്രക്കുവേണ്ട ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. എന്നാല്‍ ഏതെങ്കിലും അവസരത്തില്‍ റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യണമെന്നു തോന്നുന്നപക്ഷം യാത്രയുടെ 24 മണിക്കൂര്‍ മുമ്പാണെങ്കില്‍ 10% കിഴിച്ചും ബാക്കി ലഭിക്കും. യാത്രാസമയം കഴിഞ്ഞ് റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ സാധ്യമല്ല.
ലഗേജ് ചാര്‍ജ്ജ്
യാത്രക്കാരന്റെ കൂടെ 15 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാവുതാണ്. 15 മുതല്‍ 30 കിലോ വരെ യാത്രാക്കൂലിയുടെ പകുതി നല്‍കിയും, 30 മുതല്‍ 60 കിലോ വരെ യാത്രാക്കൂലിയുടെ അത്രതന്നെ കൊടുത്തും, കൊണ്ടുപോകാം. ഉടമസ്ഥരില്ലാതെ ലഗേജ് മാത്രം കൊണ്ടുപോകാന്‍ വ്യവസ്ഥയില്ല.
പരാതികള്‍
ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ / അസി: ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കുക. പരാതിയില്‍, സഞ്ചരിച്ച വണ്ടി നമ്പര്‍, വണ്ടിയില്‍ കയറിയ സ്ഥലം, സമയം, ഏത് സ്ഥലത്തേയ്ക്കാണ് യാത്ര ചെയ്തത്, പരാതിയുടെ സ്വഭാവം തുടങ്ങിയവ വിശദമായി കാണിച്ചിരിക്കണം.
യാത്രക്കാരുടെ ഏതുതരം പരാതികളും കോടതികള്‍ മുഖാന്തിരമോ, ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെയോ, ഉപഭോക്തൃ സരംക്ഷണ നിയമത്തിലൂടെയോ പരിഹാരം കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ സഹായിക്കും.
രാത്രി കാലങ്ങളില്‍ യഥാസ്ഥാനത്ത് ബസ് ആളെ കയറ്റാതെയും ഇറക്കാതെയും പോയാല്‍ തെളിവു സഹിതം പരാതിപ്പെട്ടാല്‍ നടപടിയെടുക്കുന്നതാണ്.
കണ്ടക്ടര്‍മാര്‍ അപമര്യാദയായി യാത്രക്കാരോട് പെരുമാറുകയാണെങ്കില്‍ വിശദ വിവരങ്ങളടക്കം (ബസ് നമ്പര്‍, സമയം, എവിടെനിന്ന് എങ്ങോട്ട് യാത്രചെയ്തു, എടുത്ത ടിക്കറ്റ് തുടങ്ങിയവ സഹിതം) ഡിപ്പോ അധികാരിക്കോ, എം. ഡി. യ്ക്കോ പരാതി നല്‍കാം. പരാതിയിന്മേല്‍ കാലതാമസമില്ലാതെ തീര്‍പ്പു കല്‍പ്പിക്കുന്നതാണ്.
കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ 88(യ) പ്രകാരം ടിക്കറ്റ് തുകയില്‍ നിന്നും കണ്ടക്ടര്‍ കൂടുതല്‍ തുക വസൂലാക്കിയാല്‍ കണ്ടക്ടറുടെ ലൈസന്‍സിങ്ങ് അധികാരിക്ക് രേഖാമൂലം പരാതി നല്‍കണം. അതാത് പ്രദേശത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ലൈസന്‍സിങ്ങ് മേലധികാരി.
കാരണങ്ങളൊന്നുമില്ലാതെ ബസ്സില്‍ സ്റ്റുഡന്റ്സ് കണ്സഷന്‍ നിഷേധിച്ചാലോ, മറ്റു സൗജന്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ മേഖലയിലെ ആര്‍. ടി. ഒ, ജോയിന്റ് ആര്‍. ടി. ഒ. എന്നിവരില്‍ ആര്‍ക്കെങ്കിലും പരാതി നല്‍കാവുന്നതാണ്. സ്ഥലത്തെ ട്രാഫിക്ക് എസ്. ഐ. ക്കും പരാതി നല്‍കാവുന്നതാണ്.
കുടുംബസമേതം ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താതെ പോയാല്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാവുന്നതാണ്. ബസ്സ് നിര്‍ത്തിയ സ്ഥലത്തു നിന്നും സ്റ്റോപ്പിലേക്ക് വേറെ വാഹനം ഉപയോഗിച്ച് എത്തിച്ചേരേണ്ട ചെലവ് കണ്ടക്ടര്‍ നല്‍കണമെന്ന് ഉപഭോക്തൃഫോറത്തിന് വിധിക്കാവുന്നതാണ്.
യാത്രക്കിടയില്‍ ബസ് തകരാറാകുന്ന പക്ഷം തുടര്‍ച്ചയായി 2 മണിക്കൂറിനുള്ളില്‍ മറ്റു സര്‍വ്വീസുകളൊന്നും തന്നെ പ്രസ്തുത റൂട്ടില്‍ ഇല്ലെങ്കില്‍ തുക റീഫണ്ട് ചെയ്യാം.
യൂണിഫോമില്ലാതെ ടിക്കറ്റ് എക്സാമിനര്‍ വന്നാല്‍ തെളിവിനായി അവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടാനും, കോര്‍പ്പറേഷനില്‍ പരാതിപ്പെടാനും സാധിക്കും.
കേരള മോട്ടോര്‍ വാഹന ചട്ടം 275 പ്രകാരം ബസ്സിന്റെ മേല്‍ക്കൂര നല്ല രീതിയിലല്ലാത്തപക്ഷം എന്തെങ്കിലും നഷ്ടം നഷ്ടം സംഭവിച്ചാല്‍ ഉപഭോക്തൃ നഷ്ടപരിഹാര ഫോറത്തില്‍ പരാതി നല്‍കിയാല്‍ നഷ്ടപരിഹാര തുക നമുക്ക് കിട്ടുന്നതായിരിക്കും.
ബസ്സില്‍ നിന്നും ഇറങ്ങുകയും, കയറുകയും ചെയ്യുമ്പോള്‍ നമുക്ക് അപകടം സംഭവിക്കുകയാണെങ്കില്‍ അപകടം സംഭവിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. പരാതിയില്‍ അപകടമുണ്ടായ സ്ഥലം, സാഹചര്യം, സമയം എന്നിവയെ കുറിച്ച് വ്യക്തമായി സൂചിപ്പിക്കണം. നമുക്കുണ്ടായ പരിക്കിന്റെ സ്വഭാവമനുസരിച്ച് പോലീസ് കേസ് എടുക്കുന്നതായിരിക്കും. കൂടാതെ വാഹനത്തില്‍ കയറുമ്പോഴോ, ഇറങ്ങുമ്പോഴോ ഉണ്ടാകുന്ന പരിക്കുകള്‍ക്ക് നമുക്ക് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്‍കാം.
ബസ്സില്‍ സാധനങ്ങള്‍ വച്ച് മറന്നുപോവുകയാണെങ്കില്‍ സാധനങ്ങളുടെ വിവരത്തിനായി ബസ്സ്സ്റ്റേഷനിലെ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. കേരള മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 248-ാം വകുപ്പില്‍ കണ്ടക്ടര്‍ ബസില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം ഏല്‍പ്പിക്കുന്ന വസ്തുക്കള്‍ തിരികെ ലഭ്യമാക്കാന്‍ യാത്രക്കാരന്‍ വസ്തു നഷ്ടപ്പെട്ട് ഒരു മാസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചാല്‍ അത്രയും ദിവസം സൂക്ഷിച്ചതിന് ചെലവായ തുക എടുത്ത ശേഷം ബാക്കി നല്‍കുന്നതാണ്. ഒരു മാസത്തിനു ശേഷവും സാധനം നഷ്ടപ്പെട്ട വ്യക്തി അന്വേഷിച്ച് വന്നില്ല എങ്കില്‍ വസ്തുക്കള്‍ ലേലം ചെയ്ത് കൊടുക്കുന്നതായിരിക്കും.